#നിരീക്ഷണം

ലേയ്‌സ് ബഹിഷ്ക്കരണം നമ്മെ പഠിപ്പിക്കുന്നത്

ഇക്കഴിഞ്ഞ ആഴ്ച കൃഷിയുടെ കോർപ്പറേറ്റുവൽക്കരണത്തിന് എതിരായി നമ്മുടെ നാട്ടിൽ നടക്കുന്ന ജനകീയ പ്രതിരോധസമരങ്ങൾക്കു സുപ്രധാനമായ ഒരു വിജയം കൈവരിക്കാനായി. രാജ്യവ്യാപകമായി ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഗുജറാത്തിലെ 11 ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരായി നല്‍കിയ കേസ് പെപ്‌സികോ പിന്‍വലിച്ചു.

ലേയ്‌സ് ചിപ്‌സ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന എഫ്സി5 എന്ന ഉരുളക്കിഴങ്ങ് ഈ കൃഷിക്കാർ അനധികൃതമായി കൃഷി ചെയ്യുന്നു എന്നായിരുന്നു കമ്പനിയുടെ കുറ്റാരോപണം. ആരോപണവിധേയരായ കർഷകരിൽനിന്നും 1.05 കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ കേസ് ജൂണ്‍ 12-ന് അഹമ്മദാബാദ് കോടതിയില്‍ വീണ്ടും പരിഗണിക്കാനിരിക്കുകയായിരുന്നു. പക്ഷെ പെപ്സികോ അതിനു കാത്തുനിന്നില്ല.

സർക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ കര്‍ഷകര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ കമ്പനി തയ്യാറായി എന്നാണ് പെപ്‌സികോ വക്താവിന്റെ വിശദീകരണം. എന്നാൽ അവരുടെ ലെയ്‌സ് അടക്കമുള്ള ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനങ്ങൾക്കു ലഭിച്ച വലിയ പിന്തുണ, രാഷ്ട്രീയ പാർട്ടികളുടെയും കർഷകസംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും ശക്തമായ പ്രതിഷേധം ഇവയൊക്കെ പെപ്‌സികോയെ ഇങ്ങനെയൊരു തിരുമാനമെടുക്കാൻ നിർബന്ധിതരാക്കുകയായിരുന്നു എന്നു വ്യക്തമാണ്. ഈ പ്രതിഷേധങ്ങളുണ്ടാക്കിയേക്കാവുന്ന മോശം പ്രതിച്ഛായയിൽ പെപ്സിക്കോവിന്റെ അമേരിക്കയിലെ ആസ്ഥാനവും ദുബായിയിലെ ഏഷ്യാ-പസിഫിക് ഓഫിസും ആശങ്കാകുലരാണെന്നു പത്രവാർത്തകളുണ്ടായിരുന്നു.