#രാഷ്ട്രീയം

മണ്ടത്തരം മോഡിക്ക് ജന്മാവകാശം; നമ്മുടെ പ്രധാനമന്ത്രിക്കോ...?

മോഡി മണ്ടത്തരങ്ങൾ പറയുന്നതും ബി ജെ പിയും സംഘപരിവാറും അതിന്റെ മുഴുവൻ പ്രചരണയന്ത്രങ്ങളും ഉപയോഗിച്ച് അതിനെ മറയ്ക്കാനൊ, വെളുപ്പിക്കാനോ ആയി പിന്നെ പെടാപ്പാടു പെടുന്നതും ഇന്ത്യയിലിന്നൊരു പുതിയ കാഴ്ചയല്ല. ന്യൂ നേഷൻ ടി വിക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം വിളിച്ചുപറഞ്ഞതു പക്ഷേ അത്തരമൊരു വെറും മണ്ടത്തരമല്ല. അതുകൊണ്ട് ട്വീറ്റ് പിൻവലിച്ചൊന്നും അതിനെ തമസ്കരിക്കാനുമാവില്ല. വാസ്തവത്തിൽ വളരെ ഗൗരവത്തോടെ കാണേണ്ടുന്ന ഒന്നാണു നാം ഇപ്പോൾ ട്രോളുകളും മറ്റുമായി ട്രിവിയലൈസ് ചെയ്യുന്നത്. ആ നിലയ്ക്ക് വാവിട്ട വാക്കിനെ തിരിച്ചെടുക്കാനായി ബി ജെ പി ഇച്ഛിക്കുന്നതും ട്രോളുകൾ വഴി മോഡി വിമർശകർ കല്പിക്കുന്നതും ഒന്നായിത്തീരുകയാണ്.

ബാലകോട്ട് ആക്രമണമാണു പശ്ചാത്തലം. മോഡി പറഞ്ഞതായി എൻ ഡി റ്റി വിയുൾപ്പെടെ പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ-

"The weather was not good on the day of airstrikes. There was a thought that crept in the minds of the experts that day of strike should be changed. However, I suggested that the clouds can actually help our planes escape the radars."

ബാലകോട്ട് ആക്രമണം ഉദ്ദേശിച്ച വിജയം കണ്ടില്ല എന്ന വിമർശനം അന്നു മുതൽക്കെ നിലനിൽക്കുമ്പോഴാണ് അതിൽ സേനയിലെ വിദഗ്ധരെയും കടന്നുള്ള ഒരു ഇടപെടൽ താൻ നടത്തി എന്നു പ്രധാനമന്ത്രി തന്നെ സമ്മതിക്കുന്നത്. മേഘങ്ങളെ മറയാക്കി റഡാറിന്റെ കണ്ണു വെട്ടിക്കാമെങ്കിൽ പിന്നെ മഴക്കാറുള്ളപ്പോൾ വിമാനം പറത്താനേ പറ്റില്ല എന്നതാണ് ഇതിനെ ഈ നൂറ്റാണ്ടിന്റെ തമാശയാക്കി മാറ്റുന്നത്. പക്ഷേ അതിന്റെ ഗൗരവം ചിരിച്ചു തള്ളേണ്ടുന്ന ഒരു തമാശയല്ലാതാവുന്നത് പറയുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നതിനാലാണ്. അതിലും ഗൗരവമുള്ള കാര്യം വർഷങ്ങൾ നീണ്ട പഠനവും വിദഗ്ധ പരിശീലനവും ഒക്കെ കഴിഞ്ഞെത്തിയ പരിചയസമ്പന്നരായ വിദഗ്ധരടങ്ങുന്ന രാജ്യത്തിന്റെ പ്രതിരോധ സേനയ്ക്കുപോലും ഈ ജാതി മണ്ടത്തരങ്ങളെ തിരുവായ്ക്ക് എതിർവായില്ല എന്ന നിലയിൽ അനുസരിക്കേണ്ടിവരുന്നു എന്നതും.