#രാഷ്ട്രീയം

മോഡി ഇച്ഛിച്ചതും നിങ്ങൾ കല്പിച്ചതും ബാലകൊട്ട്

മോഡിയുടെ റഡാർ തന്നെ ഇപ്പൊഴും മിക്കവാറും ചാനലുകളിലെ അന്തിച്ചർച്ചാ വിഷയം. ഒപ്പം 88ലെ ക്യാമറയും ഇ മെയിലും കൂടിയുണ്ടെന്നു മാത്രം.

ഓബ് വിയസായ മണ്ടത്തരങ്ങളിൽ ചർച്ച ചെയ്യാനായി എന്താണുള്ളത്? ഒന്നുമില്ലെന്നിരിക്കെ എല്ലാ പാർട്ടികളുടെയും ഓരോരോ പ്രതിനിധികളെ വിളിച്ചിരുത്തി ഈ വിഷയം ചർച്ച ചെയ്യുമ്പോൾ ഇതിൽ ചർച്ച ചെയ്യപ്പെടേണ്ട എന്തൊക്കെയോ കാര്യങ്ങൾ ഉണ്ട് എന്ന തോന്നലാണു പൊതുസമൂഹത്തിൽ ഉല്പാദിപ്പിക്കപ്പെടുന്നത്. അതാവട്ടെ കൂടുതൽ തയ്യാറെടുപ്പോടെ വരുന്ന ബി ജെ പി സംഘ് പ്രതിനിധികൾക്ക് അവരുടെ നേതാവിനെ വെള്ളപൂശിയെടുക്കാനുള്ള ഒരവസരമായി മാറുകയും ചെയ്യുന്നു.

തങ്ങളുടെ നേതാവും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായ മോഡി പറയുന്നതു മണ്ടത്തരമായി മനസിലാക്കുന്നവരാണു മണ്ടന്മാർ എന്നതാണു ബി ജെ പി പ്രതിനിധികളുടെ മുഖ്യവാദം. നിങ്ങൾക്കു പട്ടാളത്തെക്കുറിച്ച് എന്തറിയാം, യുദ്ധത്തെയും യുദ്ധവിമാനത്തെയും റഡാറിനെയുമൊക്കെ കുറിച്ചു പറയാൻ നിങ്ങൾ വിഷയ വിദഗ്ദ്ധരാണോ എന്നതാണ് അവരുടെ ചോദ്യം. ഒപ്പം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഇങ്ങനെയൊക്കെയാണു ഞങ്ങൾ ജനമനസുകളിൽ ഇടമ്പിടിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായി ഇന്ന് ഇന്ത്യ ഭരിക്കുന്നതും അധികാരത്തിൽ തുടരാൻ പോകുന്നതും എന്ന വീരവാദവും.