#രാഷ്ട്രീയം

ഗോഡ്സേ ദൈവമോ?കമലഹാസനെതിരെ കേസെടുത്തത് ആരു മിണ്ടാതിരിക്കാൻ?

അല്ല, കമലഹാസനെതിരെ ഒരു കേസുണ്ടെന്നു കേൾക്കുന്നു. എന്താണാവോ അതിനു പ്രഥമദൃഷ്ട്യാ ഉള്ള കാരണം? അങ്ങനെയൊന്നില്ലാതെ ആരെങ്കിലും പരാതികൊടുത്തു എന്നതുകൊണ്ട് ഒരാൾക്കെതിരെ കേസെടുക്കാൻ പറ്റില്ലല്ലൊ.

കേസിനാസ്പദമായ പരാമർശം ഇതാണ്: “സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേരു നാഥൂറാം വിനായക് ഗോഡ്സേ എന്നായിരുന്നു.“

ടൈഗർ മേമൻ ഒരു മുസ്ളിം തീവ്രവാദിയാണെന്നു പറഞ്ഞാൽ കേസെടുക്കാൻ പറ്റുമോ? എന്തിനു നമ്മുടെ മദനി തീവ്രവാദിയാണെന്നു പറയുന്നില്ലേ, പൊതുവേദിയിൽ പ്രസംഗിക്കുന്നില്ലേ. ആരെങ്കിലും അന്യായം കൊടുത്താൽ കേസെടുക്കുമോ? ഈ ടൈഗറെ ഇനിയും പിടിച്ചിട്ടില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ അയാൾ അതുകൊണ്ടുതന്നെ ഇപ്പൊഴും ഒരു കുറ്റാരോപിതൻ മാത്രമാണ്. മദനിയെ വർഷങ്ങളായി തടങ്കലിൽ ഇട്ടിരിക്കുന്നതല്ലാതെ അയാൾക്കെതിരെയും വിചാരണ നടക്കുകയോ ശിക്ഷാവിധിയുണ്ടാവുകയോ ചെയ്തിട്ടില്ല.