#രാഷ്ട്രീയം

ഇന്ത്യ: രണ്ടായിരത്തി പത്തൊമ്പതിനു മുമ്പും പിമ്പും

അധ്യായം ഒന്ന്: അഞ്ചായി ചുരുങ്ങിയ കമ്യൂണിസ്റ്റ് പ്രതിനിധാനം

2019 മെയ് 23നു വോട്ടെണ്ണിയപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന കേരളത്തിലെ ഇടതുമുന്നണിയെ കാത്തിരുന്നത് അപ്രതീക്ഷിത പരാജയമായിരുന്നു. അപ്രതീക്ഷിതമെന്നു പറയുന്നത് അളവിലാണ്. 19-1 എന്ന മാർജിനിൽ ഒരു പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന്. സീറ്റിന്റെ എണ്ണത്തിൽ മാത്രമല്ല വോട്ട് വിഹിതത്തിലും വൻ ഇടിവുണ്ടായി. 35 ശതമാനം എന്നത് 2016 ലെ അസംബ്ളി തിരഞ്ഞെടുപ്പിലും, 2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും ലഭിച്ചതിനേക്കാൾ വളരെ താഴെയാണ്.

ഈ പരാജയത്തിന്റെ കാരണം തേടിയുള്ള അന്വേഷണങ്ങൾ മിക്കവാറും എല്ലാം ചെന്നു നിൽക്കുന്നത് ശബരിമലയിലാണ്. അതാണു കാരണം എന്നും അല്ല എന്നുമുള്ള അഭിപ്രായങ്ങളും നിരീക്ഷണങ്ങളും തമ്മിലാണു ചർച്ചകൾ മുഴുവനും. അതുകൊണ്ടുതന്നെ അതു പലപ്പൊഴും ശബരിമല യുവതീ പ്രവേശന വിധിയെ എതിർക്കുന്നവരും അതിനെ അനുസരിക്കാൻ ബാധ്യസ്ഥമായ (ഭരണഘടനാപരമായ ഉത്തരവാദിത്തം എന്ന നിലയിലും അതിനനുകൂലമാണവരുടെ നിലപാടെന്ന നിലയിലും) സർക്കാരും തമ്മിലുള്ള പ്രശ്നം എന്ന സവിശേഷ ഉള്ളടക്കം വിട്ട് സാമാന്യവൽക്കരിക്കപ്പെടുന്നുമുണ്ട്.