#രാഷ്ട്രീയം

ഹിന്ദുരാഷ്ട്രം: സ്ട്രക്ചർ പൂർത്തിയായി

ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ സംഭവിക്കാൻ പോകുന്നത് എന്നു മിക്കവാറും വിശകലന വിദഗ്ധർ പ്രവചിക്കുന്ന ഒന്നുണ്ട്. അത് ഇവിടം മുതലിനി ഹിന്ദു മതരാഷ്ട്രസ്ഥാപനം എന്ന സംഘപരിവാർ അജണ്ടയ്ക്ക് ഗതിവേഗം ആർജ്ജിക്കുകയാണെന്ന കാര്യമാണ്.

സംഘപരിവാർ തങ്ങളുടെ ഹിന്ദുരാഷ്ട്ര അജണ്ടയെ ഇവിടെവരെ കൊണ്ടെത്തിച്ചത് വിശ്വാസത്തെയും, ആചാരങ്ങളെയും രാഷ്ട്രീയവുമായി കലർത്തിക്കൊണ്ടു നടത്തിയ പ്രചരണങ്ങൾ വഴി സാധ്യമാക്കിയ സ്വത്വ ധ്രുവീകരണങ്ങൾ വഴിയാണ്. അതാവട്ടെ ഒരു ദീർഘകാല പദ്ധതിയുടെ ഭാഗമായി അവർ ഉടൻ പ്രതിഫലം കാംക്ഷിക്കാതെ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായതും.

സംഘം ഈ പരിപാടി സ്വാതന്ത്ര്യ പൂർവ്വകാലം മുതൽക്കേ ചെയ്തുവരുന്നുണ്ട്. അവർ ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയിലേക്കു കടന്നുവന്നതും നിലയുറപ്പിച്ചതും രാഷ്ട്രീയമായായിരുന്നില്ല, സാമുദായികവും മതപരവുമായ ധ്രുവീകരണങ്ങൾ വഴിയായിരുന്നു. ഇവിടെ ഭരിച്ചുകൊണ്ടിരുന്ന കോൺഗ്രസിന്റെ വലതു രാഷ്ട്രീയ ഭരണമാതൃകയ്ക്ക് എന്തു രാഷ്ട്രീയ ബദലാണ് ഇക്കഴിഞ്ഞ മോഡി സർക്കാർ ഉൾപ്പെടെയുള്ള ബി ജെ പി സർക്കാരുകൾ മുന്നോട്ടുവച്ചത്? വ്യത്യാസമുള്ളത് വിശ്വാസത്തെ, ആചാരങ്ങളെ, മതങ്ങളെ അവർ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച രീതിയിലാണ്.