#രാഷ്ട്രീയം

മോഡിപാദം ചേരുന്ന റൂറൽ ദളിത്, ട്രൈബൽ മേഖലകൾ

വ്യക്തവും പ്രകടവുമായ കാരണങ്ങൾ ഉണ്ടായിട്ടും സാധാരണക്കാരടക്കമുള്ള ഇന്ത്യാക്കാരിൽ ഒരു ഭരണവിരുദ്ധവികാരവും ഉണ്ടായില്ലെന്നു മാത്രമല്ല, കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ അവർ മോഡിപക്ഷത്തേക്കു നീങ്ങുകയും ചെയ്തു എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം സാമാന്യ അര്‍ത്ഥത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.

പത്തു ചാര്‍ട്ടുകള്‍ വച്ചു നടത്തുന്ന ഒരു തിരഞ്ഞെടുപ്പ് വിശകലനമുണ്ട് ലൈവ് മിന്റിൽ. അത് ആധികാരികമായി എടുക്കാവുന്ന ഒന്നാണെങ്കില്‍ അതിലെ ചില കണ്ടെത്തലുകള്‍ ശ്രദ്ധേയവും നിര്‍ണ്ണായകമായ പല ഉള്‍കാഴ്ചകള്‍ക്കും ഡാറ്റാബന്ധിയായ പിന്‍ബലം നല്‍കുന്നതുമാണ്.

പ്രസ്തുത വിശകലനത്തിലെ മിക്കവാറും എല്ലാ ചാര്‍ട്ടിലും ബി ജെ പി വ്യക്തമായ മുന്നേറ്റം നടത്തുന്നതായാണ് കാണുന്നത്. റുറല്‍ അര്‍ബന്‍ വോട്ട് ഷെയറില്‍ ഉള്ള വ്യത്യാസവും അവര്‍ ഇക്കുറി നികത്തുന്നുണ്ട്. അതുപോലെ ദരിദ്ര, അര്‍ദ്ധദരിദ്ര മേഖലകളിലും. എസ സി/എസ് ടി വിഭാഗങ്ങള്‍ക്കിടയിലും അവരുടെ വോട്ട് വിഹിതം വര്‍ദ്ധിക്കുക തന്നെയാണ്. എന്നാല്‍ അത് ഇടിയുന്നത് രണ്ട് ചാര്‍ട്ടുകളില്‍ മാത്രമാണ്. വിദ്യാഭ്യാസപരമായി മുന്നോക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ബി ജെ പിയുടെ പ്രകടനം പിറകോട്ട് പോകുന്നു. ഒപ്പം മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിലും.