#നിരീക്ഷണം

ട്വിങ്കിൾ കുഞ്ഞേ മാപ്പ്, കൊന്ന നരാധമന്മാരുടെ പേരിലല്ല, അതിലും നീചരായവരുണ്ട്

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം മുഴുവൻ ട്വിങ്കിൾ ശർമ്മ എന്ന പിഞ്ചുബാലികയുടെ മൃഗീയ കൊലപാതകത്തെക്കുറിച്ചുള്ള വാർത്തകളായിരുന്നു.

രണ്ടര വയസ് തികയാത്ത ഈ കുഞ്ഞ് ദാരുണമായി കൊല്ലപ്പെട്ടു എന്നു മാത്രമായിരുന്നില്ല വാർത്ത, ബലാൽസംഗം ചെയ്യപ്പെട്ടു എന്നു കൂടിയായിരുന്നു. റേപ് മർഡർ ആയാണ് ആ വാർത്തയെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇന്നലെ കേരളം കേട്ടത്. ഇന്ന് എന്തായാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. അവൾ ക്രൂരമായി കൊല്ലപ്പെട്ടു എന്നതു ശരിയായിരിക്കുമ്പൊഴും ‘ട്വിങ്കിൾ ശർമ്മ കേസ്, വൊട്ട് ഹാപൻഡ് ആൻഡ് വൊട്ട് ഡിഡിന്റ്‘ എന്ന ടെലിഗ്രാഫ് ഇന്ത്യയുടെ തലക്കെട്ട് സാധൂകരിക്കുന്നതായിരുന്നു അത്.

വാസ്തവത്തിൽ സംഭവിച്ചത്

കടം വാങ്ങിയ പതിനായിരം രൂപ തിരികെ ആവശ്യപ്പെട്ടതിന്റെ ‘പ്രതികാര‘മായാണത്രേ മുഹമ്മദ് സാഹിദ്, അസ്ലം എന്നീ രണ്ടു വ്യക്തികൾ അവരുടെ രണ്ടര വയസുള്ള മകളെ തട്ടിക്കൊണ്ടുപോയി കൊന്ന് മാലിന്യ കൂമ്പാരത്തിൽ വലിച്ചെറിഞ്ഞത്. മെയ് മുപ്പതു മുതൽ കാണാതായ കുട്ടിയുടെ മൃതദേഹം നായ്ക്കൾ കടിച്ചുവലിക്കുന്ന അവസ്ഥയിൽ കണ്ടെത്തി എന്നാണു വാർത്തകൾ.