#രാഷ്ട്രീയം

ഇ വി എം ഹാക്കിങ്ങെന്ന സാധ്യതയും കള്ളപ്പണം പോലെ പുറത്തുപറയാനാവാത്ത കാരണങ്ങളും

ഡൂൾ ന്യൂസിൽ എഴുതിയ ‘ബംഗാളും കേരളവും-താത്വികമല്ലാത്ത ഒരു വിശകലനം‘ എന്ന ലേഖനത്തിൽ ഇതുവരെ ചർച്ച ചെയ്തുവന്ന ഘടകങ്ങൾ കൂടാതെയുള്ള ഒന്നിനെക്കുറിച്ച് ഫറൂഖ് സൂചിപ്പിക്കുന്നുണ്ട്. കള്ളപ്പണത്തിന്റെ കേന്ദ്രീകരണം.

തിരഞ്ഞെടുപ്പ് കമ്മിഷനു നൽകുന്ന കണക്കും തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ചിലവഴിക്കപ്പെടുന്ന പണത്തിന്റെ യഥാർത്ഥ കണക്കും തമ്മിലുള്ള ഭീമമായ അന്തരം ഇന്നൊരു പരസ്യമായ രഹസ്യമാണ്. തിരഞ്ഞെടുപ്പ് പ്രചാരണസമയത്ത് നമ്മുടെ എം കെ രാഘവൻ ഉൾപ്പെടെ പല പാർട്ടികളിൽ പെട്ട പലരും കുടുങ്ങിയ സ്റ്റിങ്ങ് ഓപ്പറേഷൻ തെളിയിക്കുന്നതും അതാണ്. അതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾക്ക് അതു പരസ്യമായി ഉന്നയിക്കാൻ പറ്റില്ല. പക്ഷേ അതിന്റെ ആഘാതത്തിൽ നിന്നും രക്ഷപ്പെടുക എന്നത് അവർക്കു തീരെ എളുപ്പമല്ല താനും.

അധികാരവും, അതുപയോഗിച്ചുള്ള പലവിധ പരിപാടികളും വഴി മറ്റു പാർട്ടികളുടെ ഫണ്ടിങ്ങ് ഏജന്റുമാരെ ഒന്നുകിൽ കുടുക്കുകയോ, അല്ലെങ്കിൽ മറുകണ്ടം ചാടിക്കുകയോ പോലെയുള്ള പരിപാടികൾ. അങ്ങനെ പലവഴികൾ ഉപയോഗിച്ച് നമ്മുടെ രാഷ്ട്രീയത്തിൽ ഏതാണ്ടു തുല്യമായി വിതരണം ചെയ്യപ്പെട്ടിരുന്ന കള്ളപ്പണത്തിന്റെ ഒഴുക്കിനെ അവർ തങ്ങളുടെ ചാനൽ വഴി മാത്രമാക്കി. പ്രതിപക്ഷത്തിനു ഒരിക്കലും ഏറ്റുപിടിക്കാനാവാത്ത ഒരാരോപണം എന്ന നിലയിൽ ഇതു ബി ജെ പിക്ക് ഒരു രാഷ്ട്രീയ വെല്ലുവിളിയും ഉണ്ടാക്കുന്നില്ല. എന്നാൽ പ്രതിപക്ഷത്തെ കൃത്യമായി സ്തംഭിപ്പിച്ചുനിർത്താനും ഇതുവഴി സാധ്യമായി.