#രാഷ്ട്രീയം

മോഡി: കോർപ്പറേറ്റുകൾ തേടിയ രാഷ്ട്രീയ മാതൃക

Picture Courtesy: Conspiracy Cards

കോർപ്പറേറ്റുകൾ ലോകത്തെ എറ്റവും വലിയ ഇവോൾവിങ് മാർക്കറ്റുകളിലൊന്നായ ഇന്ത്യയിൽ അവർ ദീർഘകാലമായി സ്വപ്നം കണ്ട സുസ്ഥിരമായ ഒരു രാഷ്ട്രീയസഖ്യം മോഡി വഴി സാധിച്ചിരിക്കുകയാണ്. ജനങ്ങളാകട്ടെ അവർ ദീർഘകാലമായി ആഗ്രഹിച്ചിരുന്ന കരുത്തനായ ഒരു രക്ഷകനെ കണ്ടെത്തി എന്ന പ്രതീതിയിലും. അതായത് മതകീയമൊ, വംശീയമൊ ആയ ഒരു വികാരത്താൽ കരുപ്പിടിപ്പിക്കപ്പെട്ട ഒരു സുസ്ഥിര, കേന്ദ്രീകൃത വികസന മാതൃക കണ്ടെത്തിയ പ്രതീതിയിൽ.

ഒരു നേതാവ്, ഒരു പ്രത്യയശാസ്ത്രം, അവയ്ക്കു കീഴിൽ ഒരു ദേശം. മോഡിയിലും ഹിന്ദുത്വത്തിലും വിശ്വസിക്കുന്നവർ ദേശസ്നേഹികളായ പൗരന്മാരും അല്ലാത്തവരൊക്കെയും ദേശദ്രോഹികളും ആവുന്ന അവസ്ഥയെക്കുറിച്ച് കഴിഞ്ഞ തവണ ബി ജെ പി അധികാരത്തിൽ വന്നപ്പൊഴും നമ്മൾ ദീർഘമായി തന്നെ ചർച്ച ചെയ്തിരുന്നു. ഒരു സമൂഹം ഫാഷിസ്റ്റ് ആയി മാറുന്നതിനെക്കുറിച്ച് ഉമ്പെർട്ടോ എക്കോയുടെ ‘ഉർ ഫാഷിസം‘ എന്ന വിഖ്യാത ലേഖനത്തെ മുൻനിർത്തിയും അല്ലാതെയും പഠനങ്ങളും സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.