#രാഷ്ട്രീയം

ഹിന്ദുസ്വത്വത്തിന്റെ ഏകീകരണം

സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയ്ക്കുള്ള ഏറ്റവും വലിയ വെല്ലുവിളി കേന്ദ്രീകൃത സ്വഭാവമില്ലാത്ത ഹിന്ദു എന്ന പേഗൻ വിശ്വാസങ്ങളുടെ ഒരു സഞ്ചയവും അതിലെ ആന്തരിക വൈരുദ്ധ്യങ്ങളുമായിരുന്നു. മനുസ്മൃതിയിലെ ബ്രാഹ്മണിക് യുക്തികളെ പൂർണ്ണമായി ഉൾകൊള്ളാനോ തള്ളാനൊ ആവാത്തതായിരുന്നു അവർക്ക് അഭിമുഖീകരിക്കേണ്ടുന്ന ഹിന്ദുവിന്റെ സാമൂഹ്യഘടന.

മനുസ്മൃതിയെ ഉപേക്ഷിച്ചാൽ നിലവിൽ സാധ്യമായ ഒരു അയഞ്ഞ ഘടന കൂടി അതിനു നഷ്ടമാവും. നിരവധി സൂക്ഷ്മ സ്വത്വഘടകങ്ങളായി അതു വേർതിരിയും. എന്നാൽ അതിനെ അങ്ങനെ തന്നെ നിലനിർത്തിയാൽ ആധുനികത നൽകിയ ഉണർവുകൾ ഉപയോഗിച്ചു നിലവിൽ വന്ന ദളിത് ആത്മാഭിമാന പ്രസ്ഥാനങ്ങളുടെയുൾപ്പെടെയുള്ള നിരവധി സാംസ്കാരിക സ്വാധീനങ്ങളെയൊക്കെയും അതിജീവിച്ച് ഒരു ഹിന്ദുത്വ ഏകീകരണം സാധ്യമാവുക പ്രയാസമാകും. ഈ കീറാമുട്ടിയെ അവർ പരിഹരിച്ചത് സവിശേഷമായ ഒരു വഴിയിലൂടെയായിരുന്നു.

ആധുനികതയുടെ മതേതരത്വം ഉൾപ്പെടെയുള്ള രാഷ്ട്രീയമൂല്യങ്ങളെ സ്വത്വരാഷ്ട്രീയം പ്രശ്നവൽക്കരിക്കുമ്പോൾ ആ സമരത്തിൽ അവർ കൊടിപിടിക്കാതെ കൂടെക്കൂടി. അവരുയർത്തിയ വ്യാജമതേതരത്വമെന്ന ആശയത്തെ അവരെ പ്രതിരോധിക്കാനായി പാൻഇസ്ലാമിസ്റ്റ് കേന്ദ്രങ്ങൾ ഹിന്ദു മതേതരത്വം എന്ന പേരിട്ടു പ്രചരിപ്പിക്കുന്നതു കണ്ട് ഊറിച്ചിരിച്ചു. ഉത്തരാധുനിക അരാഷ്ട്രീയത ആധുനികതയുടെ അടിസ്ഥാന മൂല്യങ്ങളെ വരെ വ്യാജസങ്കീർണ്ണതകളുടെ അക്കാഡമിക് യുക്തികളിൽ മുക്കി കൊല്ലുന്നതിനു പരോക്ഷമായി സ്പോൺസർ ചെയ്തു. ശാസ്ത്രം മറ്റൊരാഖ്യാനമാണെന്ന് ഉത്തരാധുനികർ പെടാപ്പാടുപെട്ട് പ്രചരിപ്പിച്ചപ്പോൾ അവർ തങ്ങളുടെ ഊർജ്ജം ഇത്തരം പ്രചരണങ്ങൾക്കായി പാഴാക്കാതെ അവയുടെ ഫലം കൊയ്യാനായി കാത്തുവച്ചു.