#രാഷ്ട്രീയം

വികേന്ദ്രീകരണത്തിനതുതന്നെ ശാന്തി

ഹിന്ദുമതവും വിശ്വാസവും സ്വത്വവുമായി ബന്ധപ്പെട്ട വികേന്ദ്രീകൃത യുക്തികളെ, ദർശനങ്ങളെയൊക്കെയും ദേശീയത എന്ന നുകത്തിൽ കൊണ്ടുപോയി കെട്ടാൻ സംഘപരിവാർ ഉപയോഗിക്കുന്ന മറ്റൊരു തന്ത്രവുമുണ്ട്. അത് ഇതാണ്. വികേന്ദ്രീകരണത്തെ വികേന്ദ്രീകൃതമായ ഒരു ഘടന സ്വീകരിച്ചുകൊണ്ട് തൃപ്തിപ്പെടുത്തുക. ഇതിലെ പൊരുത്തമില്ലായ്മകളെക്കുറിച്ചു ചോദിച്ചാൽ അത് തങ്ങളുടെ ജനാധിപത്യ ഘടനയിൽ വ്യത്യസ്ത അഭിപ്രായങ്ങൾക്ക്, നിലപാടുകൾക്ക് സ്ഥാനമുള്ളതുകൊണ്ടാണെന്നു പറഞ്ഞു നിൽക്കുക.

ഉദാഹരണത്തിനു മനുസ്മൃതി തന്നെ എടുക്കുക. അതു സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയെ ഭരിച്ചിരുന്ന ഏതെങ്കിലും ഒരു രാജവംശം തങ്ങളുടെ ഭരണഘടനയായി മുമ്പോട്ടു വച്ചിരുന്നുവോ എന്ന് അറിയില്ല. മനു പ്രസ്തുത സ്മൃതി ഏതെങ്കിലും ഒരു ഭരണാധികാരി തന്റെ രാജ്യത്തിനൊരു ഭരണഘടന വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് എഴുതിയതാണെന്നും കേട്ടിട്ടില്ല. എന്നാൽ അത് അക്കാലത്ത് വ്യാപകമായി അംഗീകരിച്ചുപോന്ന സാമൂഹ്യ നിയമങ്ങളെ ക്രോഡീകരിക്കുന്ന ഒരു ചരിത്ര രേഖയാണെന്നു നിസ്സംശയം പറയുകയും ചെയ്യാം.