#രാഷ്ട്രീയം

രണ്ടായിരത്തി പത്തൊമ്പതിൽ തോറ്റതാർ?

2019ൽ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ബി ജെ പി, സംഘപരിവാർ ശക്തികൾ നേടിയത് കേവലം ഒരു തിരഞ്ഞെടുപ്പ് വിജയം മാത്രമല്ല. അതിന്റെ പ്രത്യാഘാതങ്ങൾ രാഷ്ട്രീയം എന്ന ഒറ്റ മേഖലയിൽ മാത്രമായി ഒതുങ്ങി നിൽക്കാനും പോകുന്നില്ല. അതുകൊണ്ടാണു പ്രസ്തുത വിജയം സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കാൻ പോന്ന ഒന്നാണെന്നു പറയുന്നത്.

ബി ജെ പിയും അവരുടെ ഹിന്ദു മതരാഷ്ട്രവാദവും ഇന്ത്യയിലൊരിക്കലും ശാശ്വത വിജയം നേടില്ല എന്നു നാം കരുതിപോന്നിരുന്നത് വ്യക്തമായ ഒരു യുക്തിയുടെ പിൻബലത്തിലായിരുന്നു. ഇന്ത്യ എന്നത് ഒരു രാജ്യമല്ല, വൻകരയാണെന്നു വിദേശികൾ പറയും. ഇവിടത്തെ മത, വംശ, ഭാഷാ വൈവിദ്ധ്യങ്ങളെ, സാംസ്കാരിക വൈവിദ്ധ്യങ്ങളെ, ആഹാരം മുതൽ വസ്ത്രത്തിലും ആചാരാനുഷ്ഠാനങ്ങളിലും വരെയുള്ള വ്യത്യസ്തതകളെ പരിമിതമായ അർത്ഥത്തിലെങ്കിലും മനസിലാക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുതാതിരേകത്തിന്റെ ഒരു പ്രകടനമായി അതിനെ കണ്ടാൽ മതിയെന്നു വയ്ക്കാം. പക്ഷേ അതുകൊണ്ട് ആ വൈവിധ്യങ്ങൾ ഇല്ല എന്ന് അർത്ഥമില്ല.

നാനാത്വത്തിൽ ഏകത്വം എന്നത് വെറുമൊരു പൊള്ളയായ ദേശീയതാ പ്രചരണ മുദ്രാവാക്യം മാത്രമായിരുന്നില്ല. ഇന്ത്യയുടെ പ്രാണവായു തന്നെ അതായിരുന്നു. കേവലമായ വൈവിദ്ധ്യങ്ങൾ മാത്രമല്ല, അതുവഴി പ്രായോഗികമായി സാധ്യമാകുന്ന പലമകളുടെ തുലനം, അതുവഴി ഭൗതീകമായി തന്നെ സാധ്യമാകുന്ന ഒരു സാംസ്കാരിക തുലനം (കൾചറൽ ബാലൻസിങ്ങ്) ഒക്കെയായിരുന്നു 1947ൽ പൊടുന്നനേ നിലവിൽ വന്ന ഒരു രാജ്യത്തെ പിന്നീട് നിലനിർത്തിപ്പോന്നത്.