#രാഷ്ട്രീയം

നിഷ്ക്രിയമായി വരുന്ന പ്രതികരണങ്ങൾ; ഭയപ്പെടുത്തുന്ന നിശബ്ദത

വ്യത്യാസങ്ങൾ എന്നതു ജൈവമായ ഒന്നാണ്. എന്നാൽ അതുപോലെ ജൈവമായ ഒന്നാണു സാമ്യവും. ആഫ്രിക്കക്കാർക്ക് പൊതുവിലുള്ള ചില സാമ്യങ്ങളുണ്ട്. നിറം. മുടി, ശരീരവലിപ്പം, അവയവങ്ങളുടെ ചില സവിശേഷതകൾ എന്നിങ്ങനെ പട്ടിക കൂട്ടാം. എന്നാൽ അവർക്കുള്ള ഈ വംശീയ സാമ്യങ്ങൾ തന്നെയാണ് അവർക്ക് മറ്റു വംശങ്ങളിൽനിന്നുമുള്ള വ്യത്യാസമായി എണ്ണപ്പെടുന്നതും.

ഈ വംശീയ സാമ്യങ്ങളും വൈജാത്യങ്ങളുമൊന്നും അതിജീവനത്തിന്റെ മാറുന്ന ഭൗതിക സാഹചര്യങ്ങൾക്ക് നിരപേക്ഷമായി നിലനിൽക്കുന്നവയല്ല. വംശങ്ങൾ തമ്മിൽ കലരും തോറും ഈ സാമ്യങ്ങളും വ്യത്യാസങ്ങളും സാമാന്യത്തിലുപരി സൂക്ഷ്മമായി വരുന്നു. ഇന്ത്യയിലെ ആംഗ്ളോ-ഇന്ത്യൻ വംശജരെപ്പോലെ, യൂറോ-ആഫ്രിക്കൻ വംശജരെപ്പോലെ പുതിയ പുതിയ സൂക്ഷ്മ സംവർഗ്ഗങ്ങൾ ജീവിതസാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പുതിയതായി ഉണ്ടായിവരും. അവരെ ക്ളാസിക്കൽ ഇന്ത്യൻ, ഇംഗ്ളിഷ്, യുറോപ്യൻ, ആഫ്രിക്കൻ ലക്ഷണങ്ങളാവില്ല അടയാളപ്പെടുത്തുന്നത്.

ഇന്നിപ്പോൾ കറുത്തതല്ലാത്ത ആഫ്രിക്കക്കാരെ കണ്ടെത്താനാവും. വെളുത്തതല്ലാത്ത യൂറോപ്യനെയും. ഇന്ത്യയിലാകട്ടെ ഈ കലരൽ കൂടുതൽ സാമാന്യമാണു താനും. ആര്യ, ദ്രാവിഡ, മംഗോളിയൻ വംശങ്ങൾ തമ്മിലുള്ള കലരൽ, ഹിന്ദു, ബുദ്ധ, ജൈന, സിഖ്, പാഴ്സി, മുസ്ളിം, ക്രിസ്ത്യൻ മതങ്ങൾ തമ്മിലുള്ള കലരൽ ഒക്കെയും കേവലം ലൈംഗിക, പ്രത്യുല്പാദന തലത്തിൽ മാത്രം നടക്കുന്നവയല്ല. അതിനു വിലക്കുള്ളപ്പൊഴും സാംസ്കാരികമായി ഇവ തമ്മിൽ കൂടിക്കലരുകയും പരസ്പരം സ്വാധീനിക്കുകയും മതങ്ങൾക്കുള്ളിൽ തന്നെ നിരവധി സവിശേഷ ആചാരഘടനകൾ രൂപപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടാണ് ഈ മതങ്ങളുടെ വിശ്വാസ, ആചാര ഘടനകൾക്ക് നിരവധി ഉപശാഖകൾ ഉണ്ടായതും.