#രാഷ്ട്രീയം

ഇന്ത്യൻ ആധുനികത: 2019 മെയിൽ പൂർത്തിയായ ഒരു പരാജയം

വിജ്ഞാനത്തിന്റെയും ധൈഷണികതയുടെയും ശാസ്ത്രീയ അവബോധത്തിന്റെയുമൊക്കെ ആധികാരികത അംഗീകരിക്കപ്പെട്ടിരുന്ന കാലമായിരുന്നു ആധുനികത. ആ ആധികാരികത ഉപയോഗിച്ചാണ് ഇനിയും ആധുനികമാവാത്ത നമ്മുടെ സമൂഹത്തിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ മൂല്യങ്ങളുടെ ഭാഗികമായ സാമൂഹ്യാംഗീകരമെങ്കിലും അത് ഉറപ്പുവരുത്തിയത്; മാനവികതയും അതിന്റെ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ മുദ്രാവാക്യങ്ങളെയും ജനമനസുകളിൽ എത്തിച്ചത്.

നാളിതുവരെയും സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ തടഞ്ഞുനിർത്തിപ്പോന്ന പല ഘടകങ്ങളിൽ ഒന്ന് പരിമിതമായെങ്കിലും നമുക്ക് ആർജ്ജിക്കാൻ കഴിഞ്ഞ ആധുനിക മൂല്യങ്ങളാണെന്ന് പറയുന്നത് ആ അർത്ഥത്തിലാണ്. മറ്റു ഘടകങ്ങളൊന്നുമില്ല എന്നല്ല. തീർച്ചയായും ഉണ്ട്. എന്നാൽ അവയിൽ പോലും പരോക്ഷമായി ആധുനികതയുടെ സ്വാധീനമുണ്ട് എന്നതാണു കാര്യം.