#രാഷ്ട്രീയം

തളരുന്ന മതേതര ജനാധിപത്യവും വളരുന്ന മതധ്രുവീകരണവും

ബി ജെ പി ആദ്യമായി ഇന്ത്യയിൽ അധികാരത്തിലെത്തുന്നത് വാജ്പേയിയുടെ നേതൃത്വത്തിൽ 1996ലാണ്. ആ സർക്കാർ പതിനാറു ദിവസമേ നിലനിന്നുള്ളുവെങ്കിലും പിന്നീടു രണ്ടു തവണ കൂടി വാജ്പേയ് പ്രധാനമന്ത്രിയായി ബി ജെ പി നാടു ഭരിച്ചു. തുടർന്നു കഴിഞ്ഞ വട്ടം മോഡിയുടെ നേതൃത്വത്തിലും.

അടിയന്തിരാവസ്ഥയാണു സംഘപരിവാറിനു രാഷ്ട്രീയദൃശ്യത നൽകിയത് എന്നതുപോലെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ ജനാധിപത്യത്തിൽ നടന്ന കുഴമറിച്ചിലുകൾക്കിടയിൽ കോൺഗ്രസിൽ പ്രതീക്ഷ നഷ്ടപ്പെട്ട മനുഷ്യരുടെ ഗതികേടായിരുന്നു ബിജെപിക്ക് മുൻപു മൂന്നു വട്ടം ഭരണം നൽകിയതും എന്നു പറയാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മോഡി നേടിയ മൃഗീയ ഭൂരിപക്ഷത്തെ പോലും രണ്ടാം യു പി എ സർക്കാരിന്റെ അഴിമതിയിലും കെടുകാര്യസ്ഥതയിലും മുങ്ങിയ ഭരണത്തിൽ മടുത്ത മനുഷ്യരുടെ സ്വാഭാവിക പ്രതികരണമായി കരുതാം. എന്നാൽ ഇപ്പോഴത്തേത് അങ്ങനെയല്ല.