#രാഷ്ട്രീയം

ആധുനിക ശാസ്ത്രമെന്ന കെട്ടുകഥ!

ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് ഇവിടെ വളരാൻ മറ്റു ചിലത് തളരേണ്ടതുണ്ടായിരുന്നു. എന്തെന്നു ചോദിച്ചാൽ പൊതുവിൽ ആധുനിക മനോഭാവം എന്നു പറയാം. തളരാൻ തക്കവണ്ണം എന്നെങ്കിലും അതിവിടെ വളർന്നിരുന്നോ എന്നതും പ്രസക്തമായ ഒരു ചോദ്യം തന്നെ. അതിലേക്കു കടക്കുന്നതിനു മുമ്പ് എന്താണീ ആധുനികത, ആരാണ് ആധുനിക മനുഷ്യൻ എന്നതു നോക്കാം.

ആധുനിക മനോഭാവം എന്നത് ആധുനിക മുതലാളിത്തം സാമാന്യവൽക്കരിച്ച ചില വസ്ത്ര, ഭക്ഷ്യ, പെരുമാറ്റ, ഉപയോഗ ശീലങ്ങൾ മാത്രമല്ല. കോട്ടും ഷൂവുമിട്ടു നടക്കുകയും തീൻമേശാ മര്യാദകൾ അറിയുകയും, ആധുനിക വാർത്താ, ധന വിനിമയ ഉപകരണങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ടിപ്പിക്കൽ യൂറൊപ്യൻ മാതൃകയിൽ നിർമ്മിക്കപ്പെട്ട മദ്ധ്യവർഗ്ഗ നഗര ജീവികൾക്കു മാത്രമുള്ള ഒരു പ്രത്യേക മനോനിലയൊന്നുമല്ല അത്. അത്തരം ഒരു ആദർശ മനുഷ്യ (പുരുഷ )മാതൃകയെ മുതലാളിത്തം നിർമ്മിച്ചത് ആധുനിക മനോനിലയുടെ പ്രൊമോഷനുവേണ്ടിയുമല്ല. ആധുനിക മനോനിലയുള്ള ഒരു മനുഷ്യനിൽ മേല്പറഞ്ഞ ബാഹ്യരൂപം കണ്ടേക്കാം. എന്നാൽ അവയല്ല ഒരാളിന്റെ ആധുനികതയുടെ അളവുകോലുകൾ.