#രാഷ്ട്രീയം

ബൃഹദാഖ്യാനങ്ങളുടെ നിരാസം, സ്വത്വവാദം

ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞുവെന്നും ഇനി സൂക്ഷ്മാഖ്യാനങ്ങളുടെ കാലമാണെന്നും കേൾക്കാൻ തുടങ്ങിയിട്ട് കുറെ പതിറ്റാണ്ടുകളായി. 1992ലാണു കമ്യൂണിസമെന്ന ബൃഹദാഖ്യാനത്തിന്റെ അന്ത്യം പ്രവചിച്ച ഫുക്കിയാമയുടെ എൻഡ് ഓഫ് ഹിസ്റ്ററി ആൻഡ് ദ ലാസ്റ്റ് മാൻ എന്ന പുസ്തകം ഇറങ്ങുന്നത്.

തൊണ്ണുറുകളുടെ അവസാന വർഷങ്ങൾ മുതൽക്ക് നമ്മുടെ കേരളവും സൂക്ഷ്മാഖ്യാനങ്ങളെയും സ്വത്വവാദത്തെയും നവസാമൂഹ്യ പ്രസ്ഥാനങ്ങളെയും കുറിച്ച് കേൾക്കാൻ തുടങ്ങി. ആധുനികതയുടെ യൂണിവേഴ്സൽ സങ്കല്പത്തിന്റെ വലിയ കണ്ണിൽ പെടാതെ പോകുന്ന ‘ചെറിയ‘ പ്രശ്നങ്ങളെ മുമ്പോട്ട് വയ്ക്കുന്ന ഒരു ദാർശനിക പദ്ധതി എന്ന നിലയിൽ അതിനു തീർച്ചയായും പ്രസക്തിയുണ്ട്. എന്നാൽ ചില ചോദ്യങ്ങൾ അന്നേ നിലനിന്നിരുന്നുതാനും. ബൃഹദാഖ്യാനങ്ങളുടെ കാലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ബൃഹദാഖ്യാനമായ ‘ചൂഷണ‘ത്തിന്റെ കാലം കഴിയുന്നില്ല. (ഏതാണ്ട് ഈ അർത്ഥം വരുന്ന ആ പ്രശസ്തമായ വാചകം ഗെയിൽ ഓംവേദിന്റെയാണെന്നാണ് ഓർമ്മ).