#രാഷ്ട്രീയം

നവസാമൂഹ്യപ്രസ്ഥാനങ്ങൾ

അറുപതുകളുടെ ഒടുവിലും എഴുപതുകളിലുമൊക്കെയായി പാശ്ചാത്യലോകത്തു രൂപംകൊണ്ട നവസാമൂഹ്യപ്രസ്ഥാനങ്ങളും അവയെ കേന്ദ്രീകരിച്ചുള്ള സൈദ്ധാന്തിക ചർച്ചകളുമൊക്കെ കേരളത്തിലെത്തുന്നത് തൊണ്ണുറുകളുടെ ഒടുവിലും പുതിയ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലുമൊക്കെയാണ്.

പോസ്റ്റ് ഇൻഡസ്ട്രിയൽ സമൂഹത്തിന്റെ പ്രശ്നങ്ങളെ നേരിടുവാൻ വർഗ്ഗരാഷ്ട്രീയത്തിന്റെയും തൊഴിലാളി പ്രസ്ഥാനങ്ങളുടെയുമൊക്കെ ഉല്പാദനബന്ധങ്ങളിലും ധനതത്വശാസ്ത്രത്തിലും ഊന്നുന്ന ഭൗതിക സിദ്ധാന്തങ്ങൾ മതിയാവില്ല എന്നതാണു നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെ ഒരു പൊതു നിലപാട്. അതുകൊണ്ടുതന്നെ ഒന്നല്ല, പല സിദ്ധാന്തങ്ങൾ ഒരേ സമയത്ത് ഉയർന്നുവരികയും നിലനിൽക്കുകയും ചെയ്യുന്നതാണതിന്റെ ഘടന എന്നു പറയുമ്പോഴും രാഷ്ട്രീയത്തോട്, പ്രത്യേകിച്ച് പ്രത്യയശാസ്ത്രബന്ധിയായ സംഘടിത രാഷ്ട്രീയ പ്രവർത്തനത്തിനോടുള്ള വിപ്രതിപത്തി അവയുടെ പൊതുസ്വഭാവമാകുന്നു.

ഭൗതികതയിൽ ഊന്നുന്ന ദർശനങ്ങളെ മുഴുവൻ കയ്യൊഴിഞ്ഞുകൊണ്ട് വ്യക്തിപരമായ ഏജൻസിയിലും ആത്മപ്രകാശനങ്ങളിലും ആത്മാഖ്യാനങ്ങളിലുമായി മൂല്യങ്ങളെ മാറ്റി പ്രതിഷ്ഠിക്കുന്ന പോസ്റ്റ് മെറ്റീരിയൽ തിയറിയുമായി ഇവയ്ക്കുള്ള ചാർച്ചകളും സ്വാഭാവികം മാത്രമാണ്. വർഗ്ഗരാഷ്ട്രീയം പോലെയുള്ള യൂണിവേഴ്സലുകളെ അതു നിഷേധിക്കുകയും പകരം മനുഷ്യരുടെ, എന്തിനു തൊഴിലാളികളുടെ തന്നെ പ്രശ്നങ്ങളെ അതാതു സൂക്ഷ്മാഖ്യാനങ്ങൾ എന്ന നിലയിൽ ഏറ്റെടുക്കുകയും ചെയ്യുന്നു.