#രാഷ്ട്രീയം

പ്രിവിലേജ് എന്ന കേവലതിന്മ

നമ്മുടെ സബാൾട്ടേൺ എഴുത്തുകളിൽ, അക്കാഡമികും അല്ലാതെയുമുള്ള അതിന്റെ വ്യവഹാര മണ്ഡലങ്ങളിൽ ഒക്കെയും പ്രിവിലെജ് എന്ന പദം ഉപയോഗിക്കപ്പെടുന്നത് ഋണാത്മകമായ ഒരു അർത്ഥപരിസരത്തിലാണ്. എന്നാൽ എന്തുകൊണ്ടങ്ങനെ എന്നതു കൃത്യമായി നിർവചിക്കപ്പെടുന്നുമില്ല.

ബൃഹദാഖ്യാനങ്ങളിലൊക്കെയും യൂണിവേഴ്സാലിറ്റിയുടെ ചില അദൃശ്യ പ്രിവിലേജുകൾ കളിക്കുന്നുണ്ട് എന്നൊക്കെയാണ് ആഖ്യാനങ്ങൾ. പറഞ്ഞുവരുമ്പോൾ പലപ്പൊഴും അത് മാർക്സ് ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ച ആളല്ല. ഇ എം എസ് ബ്രാഹ്മണനാണ്, എ കെ ഗോപാലൻ നമ്പ്യാരാണ് തുടങ്ങിയ ന്യായങ്ങളിലേക്കു ചുരുങ്ങും. പ്രിവിലെജ് എന്നു പറയുന്നത് ധനാത്മകമോ ഋണാത്മകമോ ആകുന്നത് പ്രവർത്തി തലത്തിലാണെന്നതു പലപ്പൊഴും ഈ വാദങ്ങൾ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
സമൂഹത്തിൽ പുരോഗമനോന്മുഖമായ പരിവർത്തനങ്ങൾ സംഭാവ്യമാകുന്നത് അതിന്റെ അടിത്തത്തിലുള്ളവർ സ്വയം ശാക്തീകരിക്കപ്പെട്ട് സമരസജ്ജരാകുമ്പോഴല്ല. അതിനൊരു പ്രിപ്പറേഷൻ സ്റ്റേജ് ഉണ്ട്. ആ ഘട്ടത്തിൽ അതാതു സമൂഹത്തിലെ പ്രിവിലെജ്ഡ് അഥവാ അധീശ വിഭാഗങ്ങളിൽ പെട്ട റിബലുകളാവും സബാൾട്ടേൺ ജനതയെ പോരാട്ടത്തിനു സജ്ജമാക്കി തീർക്കുക. സാക്ഷാൽ അംബേദ്കറുടെ കാര്യം എടുക്കുക.

അധീശവർഗ്ഗത്തിൽ പെട്ട ചില പുരോഗമനവാദികളുടെ പിന്തുണ വഴി, ഒരർത്ഥത്തിൽ കൊളോണിയലിസം വഴിപോലും തന്നെയാണ് അദ്ദേഹം ഇന്ന് ഇന്ത്യ കണ്ട ഏറ്റവും ഇൻഫ്ലുവെൻഷ്യലായ ദളിത് ബിംബമായി തിർന്നത്. പക്ഷേ അദ്ദേഹത്തിനൊപ്പം നിന്നത് കൊളോണിയലിസമോ, ഇന്ത്യൻ ഭൂപ്രഭുത്വമോ ആയിരുന്നില്ല താനും. ഇതിൽ ഒരു വൈരുദ്ധ്യമില്ലേ?