#രാഷ്ട്രീയം

നവരാഷ്ട്രീയത്തിന്റെ മാനവികതാ ദർശനം

സമഗ്രമായ ഒരു മനുഷ്യപക്ഷ രാഷ്ട്രീയദർശനം ദാർശനികതലത്തിൽ തന്നെയും അസാധ്യമാണെന്നും അത്തരം ശ്രമങ്ങൾ സമൂഹത്തിലെ പാർശ്വവൽകൃതരെ അദൃശ്യവൽക്കരിക്കുക മാത്രമേ ചെയ്യു എന്നതുമായ ഒരു വീക്ഷണം ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽക്കേ സ്വത്വവാദികൾ മുന്നോട്ടുവച്ചു പോരുന്നു. അതിന്റെ കാരണമായി അവർ പറയുന്നതാണ് പ്രിവിലെജ് എന്ന സർവ്വ വ്യാപിയും എന്നാൽ അദൃശ്യവുമായ സാന്നിധ്യം. അണ്ടർ പ്രിവിലെജ്ഡ് ആയവരുടെ സൂക്ഷ്മ പ്രശ്നങ്ങളെ പ്രിവിലെജ്ഡ് ആയവരുടെ സമഗ്ര മാനവികതാ ദർശനങ്ങൾക്ക് ഒരിക്കലും കാണുവാനോ മനസിലാക്കാനോ ആവില്ല എന്ന ബോധ്യത്തിലാണിതു നിലനിൽക്കുന്നത്.

നമ്മുടെ സോഷ്യൽ പ്രിവിലെജുകൾ ഒക്കെയും നിലനിൽക്കുന്നത് മുഖ്യമായും ജാതി, പേട്രിയാർക്കി, മതം എന്നീ സ്ഥാപനങ്ങളെ അവലംബമാക്കിക്കൊണ്ടാണ്. അവയാകട്ടെ ശ്രേണീവൽകൃതമായാണു പ്രവർത്തിക്കുന്നതും. ഈ ശ്രേണികൾ തന്നെയും വേറിട്ട കമ്പാർട്ട്മെന്റുകളിൽ സ്ഥിരമായ സ്വഭാവ സവിശേഷതകൾ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചുപോരുന്നവയുമല്ല. അതായത് ജാതിശ്രേണിയിൽ, ആൺകോയ്മയിൽ പരിവർത്തനങ്ങൾ വരുന്നുണ്ട്. ഉല്പാദന വ്യവസ്ഥയിലും മറ്റും ഉണ്ടാവുന്ന മാറ്റങ്ങൾക്ക് അനുരൂപമായി അതിന്റെ പൊതുവായ ഷോവനിസ്റ്റ് മനോഭാവത്തിൽ മാറ്റം വരുത്താനല്ലെങ്കിൽ ചുരുങ്ങിയത് മറച്ചുപിടിക്കാനെങ്കിലും പുരുഷൻ നിർബന്ധിതമാകുന്നുണ്ട്. അതുപോലെ സവർണ്ണനും. ഒരു പെണ്ണിന്റെ കീഴിൽ പണിയെടുക്കില്ല, ദളിതന്റെ ആജ്ഞാനുവർത്തിയാവാൻ പറ്റില്ല എന്നൊക്കെ കരുതിയാൽ കഞ്ഞികുടി മുട്ടുന്ന അവസ്ഥയിൽ, ശക്തമായ സ്ത്രീ, ദളിത് പക്ഷ നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവയെ പ്രത്യക്ഷത്തിൽ വെല്ലുവിളിക്കാൻ ഏതു കടുത്ത പേട്രിയാർക്കൽ ജാതിവാദിയും ഒന്ന് അറയ്ക്കും.