#രാഷ്ട്രീയം

ആൾക്കൂട്ടാധിപത്യമായി മാറിക്കൊണ്ടിരിക്കുന്ന ജനാധിപത്യം

നമ്മുടെ ജനാധിപത്യം അതിവേഗം വെറുമൊരു ആൾക്കൂട്ടാധിപത്യമായി പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നത് പ്രസംഗങ്ങളിലും എഴുത്തിലുമൊക്കെയായി സമീപകാലത്ത് ഒരു പക്ഷേ ഏറ്റവും അധികം ആവർത്തിക്കപ്പെട്ട ഒരാശങ്കയാവണം. എന്നാൽ ഒരു വഴിക്ക് ഇതു നിരന്തരം ആവർത്തിക്കപ്പെട്ടിട്ടും ആ ആശങ്ക ഒരിക്കലും സാമാന്യ സമൂഹത്തിലേക്ക് എത്തിച്ചേരുന്നില്ല എന്നതാണു വാസ്തവം.

വ്യക്തികൾ ചേരുന്നതാണ് ആൾക്കൂട്ടം. കൂട്ടമായി നിൽക്കുന്നത് കരുത്താണു താനും. ഐകമത്യം മഹാബലം പോലെയുള്ള ചൊല്ലുകൾ വഴി നമ്മൾ അത് കുട്ടിക്കാലം മുതലേ പഠിക്കുകയും ചെയ്യുന്നുണ്ട്. ആൾക്കൂട്ടത്തിൽ പ്രവർത്തിക്കുന്നതും ഈ കരുത്ത് തന്നെയാണ്. അതു പക്ഷേ പ്രവർത്തിതലത്തിൽ എത്രകണ്ട് പ്രതിലോമകരമായാണു പ്രവർത്തിക്കുന്നത് എന്നു നമുക്കറിയുകയും ചെയ്യാം. പ്രശ്നം ആൾക്കൂട്ടത്തിന്റെ ബലം ഐകമത്യത്തിന്റേതായി മാറുന്നത് ആ ആൾക്കൂട്ടം രൂപപ്പെടുന്നത് പൊതുനന്മ ലക്ഷ്യമിട്ടുള്ള ഐക്യത്തിലൂടെയാവുമ്പോൾ മാത്രമാണെന്നതാണ്. തൊഴിലാളി ഐക്യം എന്നത് ധനാത്മകമാവുന്നത് തൊഴിലാളികളുടെ ആവശ്യങ്ങൾ ന്യായവും അവരുടെ കൂട്ടംകൂടൽ സാധൂകരിക്കാവുന്നതും ആയതുകൊണ്ടാണ്. ശബരിമലയിൽ കയറുന്ന സ്ത്രീകളുടെ തലയടിച്ചു പൊട്ടിക്കും എന്നാക്രോശിക്കുന്ന അക്രമാസക്തമായ ആൾക്കൂട്ടത്തിനില്ലാത്തതും അതുതന്നെ. ന്യായവും കൂട്ടം ചേരലിനെ സാധൂകരിക്കുന്നതുമായ ഒരു കാരണം.