#പുസ്തകക്കൂട്ടം

ഗര്‍ജ്ജിക്കുന്ന നിന്റെ പ്രണയത്തിനും കൂട്ട്

പാപ്പിറസ് പുറത്തിറക്കുന്ന കുഴൂര് വിത്സന്റെ ആദ്യം മരിച്ചാല് നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു എന്ന നഗരപ്രണയ കാവ്യത്തിന് ദേവസേന എഴുതിയ ആമുഖം


"I want to do  with you
what spring does with Cherry Trees"
                                           - Pablo Neruda

എന്തിനാണു മുഖവുര?
എല്ലാ എഴുത്തും വേദനയാണു്. പ്രണയത്തെ എഴുതുന്നത്‌ അതിവേദനയുമാണു്.

പാടിപ്പതിഞ്ഞുപോയ ഈണത്തിന്റെ ചുണ്ടിലേക്ക്‌, എഴുതിത്തേഞ്ഞുപോയ തൂലികാഗ്രത്തിലേക്ക്‌, പ്രണയത്തിന്റെ അത്യപൂർവ്വമായ ജാലവിദ്യകളെ എങ്ങനെയാണിത്ര കൃത്യമായി നീ തെളിച്ചുവെച്ചിരിക്കുന്നത്‌.

ആദ്യം മരിച്ചാൽ
നിന്നെ ആരു നോക്കുമെന്നല്ലായിരുന്നു
ആരെല്ലാം നോക്കുമെന്നായിരുന്നു സങ്കടം

രണ്ടേ രണ്ടു വരികൾകൊണ്ട്‌ പ്രണയത്തെ, എന്റെമാത്രം എന്ന ശൈലിയില്‍ അനുഭവിപ്പിച്ച വരികള്‍. സ്വയം പൊള്ളിപ്പഴുക്കുകയും, വായിക്കുന്നവന്റെ ഹൃദയത്തെ വേവുന്ന ഉലയിലേക്കിടുകയും ചെയ്തിരിക്കുന്നു നീ.

'നിമിഷംപോലും നീളാത്ത ഒരുമ്മ നല്‍കി
കരയെപ്പോഴും തിരിച്ചയക്കും
കണ്ണീരുപ്പു കലര്‍ത്തി
കടല്‍ കൊണ്ടുവന്ന
ചിപ്പിയും മുത്തുംമാത്രം കരയെടുക്കും'

ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകങ്ങളെ തോണിയില്‍ കയറ്റി ഏറ്റവും വിജനമായ ദ്വീപിലേക്കു പലായനം ചെയ്യുന്ന നീ സംഭ്രമിക്കുന്നതെന്തിനു്? പൂര്‍ണ്ണപ്പെടാത്ത ഓരോ ആശ്ലേഷങ്ങളിലുമെരിയുന്ന, നൂറായിരം ജന്മങ്ങളുടെ തീരാനോവ്‌ ഒടുങ്ങുവാൻ തീരമേതു പുനര്‍ജ്ജനിയിലൂടെയാണു കടന്നുപോകേണ്ടത്‌? തിര കരയെന്നവ്യാജേന നരജന്മബന്ധങ്ങളുടെ ഏതൊക്കെ ചങ്ങലകളെയാണു നീ വായനക്കാരനു നേരെ വെച്ചു നീട്ടുന്നത്‌? പോരാഞ്ഞ്‌, രക്തം വിയര്‍പ്പാക്കുന്ന പൊറുതിയില്ലായ്മകളുടെ ഗോല്‍ഗൊത്തായില്‍ വെച്ച്‌ അവന്റെ ചേതനകളെ അട്ടിമറിക്കുകയും ചെയ്യുന്നു.

'പതുക്കെ അതു വാതിലാകും
ഉള്ളില്‍ കയറിച്ചെന്ന്
കസേരയായി ഇരിക്കും
ക്ഷീണിച്ച്‌ തളര്‍ന്ന്
കട്ടിലായി കിടക്കും'

എന്റെ മരമേ!!
കോടി ജന്മത്തിനകലെനിന്നാണു വരവെങ്കിലും. ഏതു തരം സംവേദനമാര്‍ഗ്ഗത്തിലൂടെയാണു തിരിച്ചറിയപ്പെടേണ്ടത്‌ എന്ന ആകുലതയെന്തിനു്?
കടക്കാന്‍ വാതിലാകണമെന്നതിലൂടെയോ?
ഇരിപ്പിടമാകുന്നതിലൂടെയോ?
കിടക്കയാവുന്നതിലൂടെയോ?
മരം ശേഷിപ്പിക്കുന്ന അടയാളം അനിവാര്യമോ?
വേണ്ടിവരില്ല, ഒരു സ്പര്‍ശംപോലും വേണ്ടിവരില്ല.
നീ തിരിച്ചറിയപ്പെടും.

ഭ്രാന്തുപിടിച്ചോടിനടന്ന് കടലാസുകുമ്പിളില്‍ നിറയ്ക്കുന്ന പിച്ചിപ്പൂവുകളില്‍നിന്ന് അഗ്നിനിറമുള്ള ശലഭങ്ങളുയരുന്നത്‌ നീ കാണാത്തതെന്ത്‌?

വീഥി മുറിച്ചുകടക്കുന്നതിലൂടെ പ്രാണനിലേക്കൊരു വാള്‍മുനയാണു തുളച്ചുകയറ്റുന്നതെന്ന് മറക്കുന്നതെന്ത്‌?

ശരീരത്തിന്റെ മുറിവുകളിലേക്കും പിന്നെ കരളിലേക്കും, മുളകും കുരുമുളകും തേച്ചുപിടിപ്പിച്ച്‌ സ്വയം നീറിനില്‍ക്കുന്നതാരാണു്?

ഋതുക്കള്‍ക്കും കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കും അതീതമായി പ്രണയം സഞ്ചരിക്കുന്ന അതിഗൂഢമായ വഴികളില്‍ മലര്‍ പൊഴിഞ്ഞുകിടക്കുന്നില്ല. ആഹ്ലാദത്തിന്റെ അതിരുകടന്ന വേലിയേറ്റങ്ങളുമില്ല. ആധിപിടിച്ച പരശതം ചിന്തകളുടെ കപ്പല്‍ച്ചേതങ്ങള്‍!

അവളെവിടെയാണു്? ചെയ്തുകൊണ്ടിരിക്കുന്നതെന്താണു്? മറ്റാരാണാ മനോരഥങ്ങളില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിക്കുന്നത്‌? കാവലാകാം അവളുറങ്ങുന്നതു വരെ! സമാധാനമായുറങ്ങാന്‍ ഒരുരാവും ബാക്കിയുണ്ടാവില്ല.

ചക്രവര്‍ത്തിയും തെരുവുതെണ്ടിയും
പണ്ഡിതനും പാമരനും
കൗമാരവും മദ്ധ്യവയസും ഒരുപോലെ ചുമക്കുന്ന ആധിയും വ്യഥയും കണക്കറ്റ കനലുകളുമാണതിന്റെ തിരുശേഷിപ്പുകള്‍.

കവിതകളിലുടനീളം ചുവടിളക്കുന്ന നഗരത്തിന്റെ ചേതോഹാരിത. മരണത്തിനും പുനര്‍ജനനത്തിനുമായി തിരഞ്ഞെടുക്കപ്പെട്ട നഗരത്തിലെ പ്രിയസന്ധ്യകള്‍. ഇരുന്ന കല്പടവുകള്‍, മരത്തിന്റെ വേരുകള്‍, ദഹിച്ചുപോയ നിമിഷങ്ങള്‍.

കാലങ്ങള്‍ തീരുമ്പോള്‍, കടലാക്രമണത്തില്‍പ്പെട്ടോ, ഒരു തരിമ്പും ശേഷിപ്പിക്കാത്ത ഭൂകമ്പത്തില്‍പ്പെട്ടോ, നഗരമില്ലാതാകും. അപ്പോഴും പിടഞ്ഞ്‌, ബാക്കിനില്‍ക്കുന്ന  ഈ വരികള്‍ക്കും, ഒരു ഒത്തുതീര്‍പ്പിനും കീഴടങ്ങാതെ ഗര്‍ജ്ജിക്കുന്ന നിന്റെ പ്രണയത്തിനും  കൂട്ട്!...

ദേവസേന


ആദ്യം മരിച്ചാല് നിന്നെ ആര് നോക്കുമെന്നല്ലായിരുന്നു സങ്കടം ആരെല്ലാം നോക്കുമെന്നായിരുന്നു
ഒരു നഗരപ്രണയകാവ്യം
കുഴൂര്‍ വിത്സൺ