#വിശകലനം

ഇന്റര്‍നെറ്റിലെ പ്രതിലോമപരത : ഒരു സംവാദം

15 Mar, 2011

കഴിഞ്ഞ ഒന്നുരണ്ടു മാസത്തിനുള്ളിൽ ഇന്റർനെറ്റിലെ ഇടപെടലുകളെക്കുറിച്ച് സംസാരിക്കുന്ന മൂന്ന്‌ ലേഖനങ്ങൾ അച്ചടിച്ച മലയാളം ആനുകാലികങ്ങളില്‍ കാണാനിടയായി. മൊയ്തു വാണിമേല്‍ മാധ്യമത്തിലും എൻ എം സിദ്ധിഖ് തേജസിലും എന്‍ എസ് മാധവന്‍ മാതൃഭൂമിയിലും എഴുതിയ ആ ലേഖനങ്ങള്‍  താരതമ്യേന പുതിയ ഒരു തലമുറയോടാണ് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ സംവദിക്കുന്നത്. "പഴയ" എന്ന് നാടന്‍ ഭാഷയില്‍ പറയുന്ന, പ്രായത്തില്‍ അല്‍പ്പം മുതിര്‍ന്ന ഒരു തലമുറയുടെ ആശങ്കകളും തീര്‍പ്പുകളും അവര്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ടുനീഷ്യയിലും ഈജിപ്തിലും ലിബിയയിലും മറ്റ് അറബ് രാജ്യങ്ങളിലും നടന്ന / നടന്നുകൊണ്ടിരിക്കുന്ന ജനാധിപത്യത്തിന് വേണ്ടിയുള്ള സമരങ്ങളില്‍ ഇന്റര്‍നെറ്റിനുള്ള പങ്ക് ചര്‍ച്ച ചെയ്യപ്പെടുന്ന കാലത്തോടടുപ്പിച്ചു തന്നെ ഈ ലേഖനങ്ങള്‍ വന്നത് കേവലമായ ഒരു ആകസ്മികതയല്ല. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് എന്നാണല്ലോ.

മേല്‍പ്പറഞ്ഞ മൂന്നുപേരും ഒരേ പ്രായക്കാരല്ലായിരിക്കാം. മൂന്നുപേരുടെയും രാഷ്ട്രീയ നിലപാടുകളും പലപ്പോഴും വ്യത്യസ്തമാണ്. എന്നാല്‍ ഇന്ത്യയില്‍, വിശേഷിച്ച്‌ കേരളത്തില്‍, പലപ്പോഴും രാഷ്ട്രീയബോധത്തിന്റെ അവസാനവാക്കായ "എഴുപതുകളിലെ യുവത്വത്തിന്റെ" പങ്കുപറ്റിയവര്‍ എന്ന ഒരു ബന്ധം അവരെ ചേര്‍ത്തുവയ്ക്കുന്നുണ്ട്. അപ്പോള്‍ അടിയന്തിരാവസ്ഥക്കാലത്ത് ജനിച്ച ഒരുവന്റെ ഇന്റര്‍നെറ്റ് അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കിട്ടുകൊണ്ടുള്ള ഒരു സംവാദത്തിനാണ് ഞാന്‍ ശ്രമിക്കുന്നത്.

ഈ മൂന്ന്‌ ലേഖനങ്ങളില്‍ ആദ്യം വന്നത് കഥാകൃത്ത്‌ കൂടിയായ ശ്രീ മൊയ്തു വാണിമേലിന്റേതാണ്‌. സൈബര്‍ ലോകത്തിലെ തന്റെ സന്തോഷകരവും ദുഃഖകരവുമായ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് "സൈബര്‍ സംവാദങ്ങളിലെ രാഷ്ട്രീയ അധോലോകം" എന്ന ലേഖനത്തില്‍ അദ്ദേഹം എഴുതി :