#ഫിലിം റിവ്യൂ

ക്രിസ്ത്യന്‍ ബ്രദേഴ്സ് - സോറി ഫ്രണ്ട്സ്, ജാതി ചോദിക്കും, പറയുകയും ചെയ്യും!

15 Apr, 2011

ക്രിസ്ത്യൻബ്രദേഴ്സ് എന്ന സിനിമ വന്നിട്ട് ഒരു മാസത്തിനുമേൽആയി. ഇതിനു നിരൂപണം എഴുതണമെങ്കില്‍ ഈ ചിത്രം കാണാതെ പറ്റില്ലല്ലോ. എന്നാല്‍, ഈ ചിത്രത്തിനു തിരക്കഥയും സംഭാഷണവും കാക്കിരിപൂക്കിരി എഴുതിവച്ചിരിക്കുന്ന സിബി-ഉദയ് കക്ഷികളുടെ ഹിറ്റ്ലർബ്രദേഴ്സും മൈഡിയര്‍കരടിയും മുതല്‍ ഇങ്ങേയറ്റത്ത് ട്വെന്റി 20യും പോക്കിരിരാജയും വരെയുള്ള ചിത്രങ്ങൾ ഉള്ളിലിരുന്നു പേടിപ്പിച്ചതുകൊണ്ട്, പടംകാണുന്നതു നാളെയാകട്ടെ, നാളെയാകട്ടെ എന്നു നീട്ടിവയ്ക്കുകയായിരുന്നു. ഈ ചിത്രം രണ്ടാഴ്ചകൊണ്ട് ശതകോടികള്‍ വാരിക്കൂട്ടി എന്നു കേട്ടപ്പോള്‍ എന്താണിതിന്റെ പിന്നിലെ ഗുട്ടന്‍സ് എന്നറിയാന്‍ പടമൊന്നു കണ്ടേക്കാമെന്നു കരുതി. കണ്ടപ്പോള്‍ തെറ്റിയില്ല. പതിവിലും ഭീകരമായി, മൂന്നരമണിക്കൂറോളം നേരം മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന, കലാനിലയം നാടക്കക്കാരുടെ ഭാഷയില്‍പറഞ്ഞാല്‍ അദ്ഭുതഭീകരമാന്ത്രികസിനിമ!!

എങ്കിലും ഈ സിനിമകണ്ടപ്പോള്‍, സിനിമയുടെ ലാവണ്യപരതയെയോ സാങ്കേതികതയെയോ കുറിച്ചല്ലെങ്കിലും സിനിമയുടെ മറ്റൊരു നിര്‍ണായകവശത്തെക്കുറിച്ച് എഴുതേണ്ടതാണെന്നു തോന്നുകയും ചെയ്തു. അതു വഴിയേ പറയാം. ആദ്യം സിനിമയെക്കുറിച്ച് ചിലതു പറയട്ടെ.

ജോഷി എന്ന സംവിധായകന്‍ തുടക്കകാലത്ത് മലയാളത്തിലെ ഏറ്റവും മോശം തിരക്കഥാകൃത്തുക്കളിലൊരാളായ പാപ്പനംകോടു ലക്ഷ്മണനുമായി ചേര്‍ന്നായിരുന്നു ക്രൂരകൃത്യങ്ങള്‍ നിര്‍വഹിച്ചുകൊണ്ടിരുന്നത്. പിന്നെ, എഴുത്ത് കഴുത്തുകണ്ടിക്കാനുള്ള ഉപാധിയായി സ്വീകരിച്ച കൊച്ചിന്‍ ഹനീഫയായി അദ്ദേഹത്തിന്റെ രചയിതാവ്. അതിനുശേഷം, കലൂര്‍ ഡെന്നീസ് എന്ന പൈങ്കിളി രചയിതാവിനെയും എ.ആര്‍.മുകേഷിനെപ്പോലുള്ള ഫ്ലൂക്കുകളെയും അദ്ദേഹം ആശ്രയിച്ചു. നിറക്കൂട്ട് എന്ന തിരക്കഥയുമായി ഡെന്നിസ് ജോസഫ് അദ്ദേഹത്തെ സമീപിക്കുന്നതോടെയാണ് അദ്ദേഹത്തിന്റെ തലവര മാറുന്നത്. സത്യജിത്റായ് പോലും സാങ്കേതികസൗന്ദര്യത്തിന്റെ പേരില്‍ അഭിനന്ദിച്ച ന്യൂഡല്‍ഹി അടക്കം ഏതാനും ചിത്രങ്ങള്‍ ആ കൂട്ടുകെട്ടില്‍ ഉണ്ടായി. ന്യൂഡല്‍ഹിയും നിറക്കൂട്ടും പോലുള്ള ഭേദപ്പെട്ട നിര്‍മിതികള്‍ ഉണ്ടായതുപോലെതന്നെ സായംസന്ധ്യ, വീണ്ടും പോലുള്ള തരികിടകളും ഉണ്ടായി എന്നതു വേറേ കാര്യം.

ഏതായാലും ഡെന്നിസ് ജോസഫിന്റെ വിപണിമൂല്യം പറ്റേ തീര്‍ന്നതോടെയാണ് ജോഷി മറ്റു തിരക്കഥാകൃത്തുക്കളെ നോക്കിത്തുടങ്ങിയത്. ഒടുക്കം അതിപ്പോള്‍ ഈ സിബി-ഉദയിലെത്തി നില്‍ക്കുകയാണ്. അതായത്, അദ്ദേഹം തന്റെ തുടക്കത്തിലേക്കു തിരിച്ചെത്തിയെന്ന്. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീയായി. ഇക്കാലത്തിന്റെ പാപ്പനംകോടായ ഈ ഇരട്ടകളാണ് ഇപ്പോള്‍ ജോഷിയുടെ ഹിറ്റ് രചയിതാക്കള്‍. ഇവരൊരുമിച്ച് ലയൺ, റണ്‍വേ, ട്വെന്റി 20 എന്നീ ഹിറ്റുകള്‍ ഉണ്ടാക്കി. ജൂലൈ നാല് മാത്രം പരാജയപ്പെട്ടു. ഇപ്പോഴിതാ ക്രിസ്ത്യന്‍ബ്രദേഴ്സ് സൂപ്പര്‍ഹിറ്റ് ആയിക്കഴിഞ്ഞിരിക്കുന്നു.