#മുഖം

ഒരു സ്വവര്‍ഗാനുരാഗിയുടെ സ്വത്വപ്രഖ്യാപനം

11 Jul, 2011

ഹലോ. നിങ്ങൾക്കെന്നെ അറിയില്ല. സാരമില്ല, എനിക്കു ചുറ്റുമുള്ളയാളുകള്‍ക്ക് പോലും എന്നെ ശരിക്കറിയില്ല. കാരണം, എനിക്കൊരു രഹസ്യമുണ്ട്, ദീർഘനാളായി എന്റെ ലോകത്തിലേക്ക് മാത്രമായി ഞാൻ സൂക്ഷിച്ച ഒരു കാര്യം; പരസ്യമാക്കണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യം. ഇതൊരു കുമ്പസാരമല്ല - ആ വാക്ക് ഇതിനെ ഒരു കുറ്റമാക്കിത്തീര്‍ക്കും. എനിക്കിത് അവസാനിപ്പിക്കണം, അതിനെനിക്ക് എന്നോട് തന്നെ സത്യസന്ധനാകേണ്ടതുണ്ട്. അതുകൊണ്ടിതാ ആ രഹസ്യം -

ഞാന്‍ സ്വവര്‍ഗ്ഗാനുരാഗിയാണ്‌.

അതേ നിങ്ങള്‍ വായിച്ചത് ശരിയായിത്തന്നെ. ഞാനൊരു സ്വവര്‍ഗാനുരാഗിയാണെന്ന്. ആണുങ്ങള്‍ "ട്വൈലൈറ്റ് " സിനിമ കാണാറില്ലെന്നോ മൂത്രപ്പുരയിൽ തൊട്ടുതൊട്ടുള്ള യൂറിനലുകളില്‍ നില്‍ക്കാറില്ലെന്നോ ഒക്കെയുള്ള അലിഖിതമായ സാമൂഹ്യചിട്ടവട്ടങ്ങളില്‍ നിന്ന് മാറി സഞ്ചരിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ കൂട്ടുകാരെ കളിയാക്കാനായി നിങ്ങള്‍ വിളിക്കുന്ന ഗേ എന്ന വാക്കിന്റെ അയഞ്ഞ അര്‍ത്ഥത്തെപ്പറ്റിയല്ല ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഗേ ആണ്‌. എന്നുവച്ചാല്‍ "സ്വന്തം ലിംഗത്തിലുള്ള ആളുകളോട് ലൈംഗികാകര്‍ഷണമുള്ള വ്യക്തി" ആണു ഞാനെന്ന്.

അതേ സ്വവര്‍ഗാനുരാഗികള്‍ ഐ.ഐ.റ്റി മദ്രാസില്‍ ഉണ്ട്, ഇവിടെ മാത്രമല്ല, ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും, ജീവിതത്തിന്റെ ഏതൊരു തുറയിലും അതേ. അതൊരത്ഭുതമൊന്നുമല്ല, ഞങ്ങള്‍ തികച്ചും സാധാരണക്കാരാണു്‌. പക്ഷേ നമ്മള്‍ "ഇന്‍സ്റ്റി" കൂട്ടമാണ്‌, അല്ലേ ? എന്നുവച്ചാല്‍ വലിയ തമാശക്കാരും. കോളെജുകളില്‍ 'കുണ്ടത്തരം' തമാശയ്ക്കുള്ള വഴിയാണു പലപ്പോഴും.