#വിപണി

സ്വര്‍ണവില റോക്കറ്റ് കുതിപ്പില്‍

14 Jul, 2011

കൊച്ചി: സ്വർണവില പിടിച്ചാൽ പിടികിട്ടാത്ത കുതിപ്പിലാണ്. പവൻ വില ചരിത്രത്തില്‍ ആദ്യമായി 17,120 രൂപയിലെത്തി. ഒറ്റദിവസം കൊണ്ട് 160 രൂപയുടെ വര്‍ധനയാണുണ്ടായത്.  മൂന്നുമാസം കൊണ്ട് പവന്റെ വില 16,000ത്തില്‍ നിന്ന് 17,000 കടന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു പവന്‍വില ചരിത്രത്തില്‍ ആദ്യമായി 16,000 രൂപയ്ക്ക് മുകളിലെത്തിയത്. 

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില വ്യാഴാഴ്ച ഉയര്‍ന്നത്. ന്യൂയോര്‍ക്ക് വിപണിയില്‍ ട്രോയ് ഔൺസിന് (31.1 ഗ്രാം) 3.20 ഡോളര്‍ വര്‍ധിച്ച് 1,585.80 ഡോളറായി. ഇത് സര്‍വകാല റെക്കോഡാണ്. കര്‍ക്കിടകം ആരംഭിക്കുന്നതിനാല്‍ സംസ്ഥാനത്ത് സ്വര്‍ണ വില്‍പന കുറയുമെന്നാണ് വിപണിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ സ്വര്‍ണക്കൊതിയന്മാരെയും കൊതിച്ചികളെയും കടകളിലെത്തിക്കാന്‍ പുതിയ പല നമ്പരുകളും ഇറക്കാനുള്ള ഒരുക്കത്തിലാണ് ജ്വല്ലറിക്കാര്‍. കാണം വിറ്റ് ഓണമുണ്ടിരുന്ന മലയാളി ഇപ്പോൾ കടംവാങ്ങിയും സ്വര്‍ണം വാങ്ങുന്ന സ്ഥിതിയെത്തി.