#വിപണി

നാല്‍പ്പതിനായിരം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രത്തിന്റെ അനുമതി

18 Jul, 2011

ന്യൂഡൽഹി: ഏഴര ശതമാനം നിരക്കില്‍ ചുങ്കം ചുമത്തി നാല്‍പ്പതിനായിരം ടൺ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര റബര്‍ കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടിയാവുന്നതാണ് കേന്ദ്ര തീരുമാനം. നികുതിരഹിതമായി രണ്ടു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് പ്രമുഖ ടയര്‍ കമ്പനികൾ സര്‍ക്കാരിനു മുന്നില്‍ ആവശ്യപ്പെട്ടത്. നിലവില്‍ ഇരുപതു ശതമാനമാണ് റബറിന്റെ ഇറക്കുമതി ചുങ്കം. ഇത് ഏഴര ശതമാനത്തിലേയ്ക്ക് കുറച്ചാണ് കേന്ദ്രം ഇറക്കുമതിക്ക് അനുമതി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ റബര്‍ ഇറക്കുമതിക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു.

ആഭ്യന്തര വിപണിയില്‍ സ്വാഭാവിക റബറിന്റെ വില റബര്‍ ബോര്‍ഡ് കണക്കുകള്‍ പ്രകാരം ജൂലൈ 14ന് ആര്‍ എസ് എസ് നാലിന് 213.5 രൂപയും ബാങ്കോക്ക് നിരക്ക് ആര്‍ എസ് എസ് മൂന്നിന് 211 രൂപയുമാണ്. തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, മലേഷ്യ എന്നിവയാണ് റബര്‍ ഉല്‍പ്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. റബറിന്റെ ഉപഭോഗം 60 ശതമാനത്തോളം ടയര്‍, ട്യൂബ് ഉല്‍പ്പാദനത്തിനാണ്.

അസ്വാഭാവിക റബര്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ പെട്രോളിയത്തിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മുന്നേറുന്ന സാഹചര്യത്തിലാണ്, സ്വാഭാവിക റബര്‍ ഇറക്കുമതിക്കായി ടയര്‍ ലോബി നീക്കം നടത്തിയത്. സ്വാഭാവിക റബറിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ അടുത്ത മാസത്തോടെ വര്‍ധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചുങ്കം കുറച്ച് റബര്‍ ഇറക്കുമതിക്ക് കേന്ദ്രം അടിയന്തരമായി അനുമതി നല്‍കിയിരിക്കുന്നത്.