#ഫിലിം റിവ്യൂ

ചാപ്പാ കുരിശ്‌ - പുതുവഴി വെട്ടുന്നവരോട്‌!

22 Jul, 2011

എൻ. എന്‍. കക്കാട്‌ എന്ന കവിയുടെ പ്രസിദ്ധമായൊരു കവിതയാണ്‌ പുതുവഴി വെട്ടുന്നവരോട്‌.

പലവഴിയിൽ പെരുവഴി നല്ലൂ
പെരുവഴിയേ പോ ചങ്ങാതീ...
പെരുവഴി കൺമുന്നിലിരിക്കേ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങൾ...

എന്നിങ്ങനെയാണ്‌ ആ കവിത പുരോഗമിക്കുന്നത്‌. നടന്നുനടന്നു ശീലിച്ച വഴിയാണ്‌ പെരുവഴി. ആ വഴിയേ എല്ലാവരും പോകുന്നു. അതൊരു കുഴപ്പവും ആർക്കും സൃഷ്‌ടിക്കുന്നില്ല. എന്നാല്‍ ചിലരുണ്ട്‌. പെരുവഴിയേ പോകാന്‍, അങ്ങനെ ശീലിച്ചുചതഞ്ഞവ തന്നെ അനുഷ്‌ഠാനപരമായി ചെയ്‌തുപോകാന്‍ താല്‌പര്യമില്ലാത്തവര്‍. അങ്ങനെയുള്ളവരാണു പുതുവഴി വെട്ടുന്നവര്‍. അവര്‍ ഏറെ ദുരിതമനുഭവിക്കേണ്ടിവരും. പക്ഷേ, ആ വഴി തെളിയിച്ചെടുത്താല്‍ ആ വഴി വെട്ടിയതിന്റെ പേരില്‍ അവര്‍ പില്‍ക്കാലത്ത്‌ അറിയപ്പെടും. ആ വഴിയേ നടക്കാന്‍ കാലക്രമേണ ആളുകളുണ്ടാകും. ആ വഴി മറ്റൊരു പെരുവഴിതന്നെ ആയിത്തീര്‍ന്നെന്നും ഇരിക്കും.

കലയുടെയും സാമൂഹികപ്രവര്‍ത്തനത്തിന്റെയും ചിന്തയുടെയും പാണ്‌ഡിത്യത്തിന്റെയും സൈദ്ധാന്തികതയുടെയും ജീവിതരീതിയുടെയും ഒക്കെ കാര്യത്തില്‍ ഈ പുതുവഴിവെട്ടലുകളോ അതിനുള്ള ശ്രമങ്ങളോ നിരന്തരം നടക്കുന്നുണ്ട്‌. ചില വഴികള്‍ തെളിഞ്ഞുവരും. ചിലത്‌ ധീരശ്രമങ്ങളായി പാതിയില്‍ ഒടുങ്ങും. ചിലത്‌ വഴിതെറ്റി, പെരുവഴിയേക്കാള്‍ വലിയ അപകടമായി കലാശിക്കും. എന്തൊക്കെയായാലും ഇങ്ങനെ പുതുവഴി വെട്ടാനും അതിലേ പോകാനും ശ്രമിക്കുന്ന ചെറുകൂട്ടവും പെരുവഴിയാത്രക്കാരായ ആള്‍ക്കൂട്ടവും തമ്മിലുള്ള സമരത്തിലും കലഹത്തിലും കൂടിയാണ്‌ സമൂഹം മുന്നോട്ടു ചലിക്കുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.

ഈ പുതുവഴി വെട്ടലിനെ മലയാളസിനിമയുമായി ബന്ധിപ്പിച്ചു ചിന്തിച്ചാല്‍ ഏറെ പറയാനുണ്ടാകും, പലര്‍ക്കും പലതരത്തിലും. 1980 എന്ന വര്‍ഷത്തോടെ മലയാളസിനിമയ്‌ക്കുണ്ടായ രൂപപരവും ഭാവപരവും ആയ വ്യതിയാനം കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഇവിടെ നിലനില്‍ക്കുകയാണ്‌. ഇതിനിടെ, ആഗോളവല്‍ക്കരണത്തെത്തുടര്‍ന്ന്‌ ഷോ ബിസിനസ്‌, എന്റര്‍ടെയ്‌ന്‍മെന്റ്‌ / ബിസിനസ്‌ എന്ന നിലയില്‍ സിനിമയ്‌ക്കുണ്ടായ വ്യതിയാനം വിവിധതരം വാണിജ്യസിനിമാവ്യവസായസംവിധാനങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സിനിമയില്‍ പ്രകടമായ മാറ്റം ഉണ്ടാക്കിയിരുന്നു. അതില്‍ ഏറ്റവും പ്രധാനം ഹിന്ദിയിലായാലും തെലുഗിലായാലും തമിഴിലായാലും അന്‍പതിനുമേല്‍ പ്രായമുള്ള പഴയ സൂപ്പര്‍താരങ്ങള്‍ മെല്ലെ പിന്‍വാങ്ങുകയും അവിടെ പുതുതലമുറ, ഗുണപരമായി വലിയ വ്യത്യാസമൊന്നുമില്ലാതെതന്നെ സ്ഥാനം പിടിക്കുകയും ചെയ്‌തതാണ്‌.