#വിപണി

റിസര്‍വ് ബാങ്ക് നിരക്കുകള്‍ വര്‍ധിപ്പിച്ചു

26 Jul, 2011

മുംബൈ: റിസർവ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകളിൽ വീണ്ടും അര ശതമാനം വര്‍ധിപ്പിച്ചു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇത് മൂന്നാം തവണയാണ് ബാങ്ക് നിരക്കുകളില്‍ വര്‍ധന വരുത്തുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. ഇതോടെ വ്യക്തിഗത വായ്പകളുടെയും വ്യാവസായിക വായ്പകളുടെയും പലിശ നിരക്കില്‍ വര്‍ധനയുണ്ടാകും. 

റിസര്‍വ് ബാങ്ക് ബാങ്കുകൾക്കു നല്‍കുന്ന പലിശ നിരക്കായ റിപോ, ഇതോടെ 8 ശതമാനമായി. ബാങ്കുകളില്‍ നിന്ന് ഈടാക്കുന്ന പലിശയായ റിവേഴ്‌സ് റിപോ നിരക്ക് 7 ശതമാനമായി. എന്നാല്‍ കരുതല്‍ ധനാനുപാതം 6 ശതമാനമായി തുടരും. വാഹന വായ്പകള്‍, ഭവന വായ്പകള്‍, അടക്കമുള്ള വായ്പകളുടെ പലിശനിരക്കില്‍ വര്‍ധനയുണ്ടാകും.