#വിപണി

സ്വര്‍ണവില കുതിച്ചുയരുന്നു

09 Aug, 2011

കൊച്ചി: സ്വർണ വില ചരിത്രത്തിൽ ആദ്യമായി പവന് ഒറ്റ ദിവസം 880 രൂപ വര്‍ധിച്ചു. ആഭരണ വിപണികളില്‍ 19,520 രൂപയിലാണ് ഇടപാടുകൾ നടന്നത്. ഒരു ഗ്രാമിന്റെ വില 85 രൂപ കയറി 2440 ല്‍ എത്തി. പത്തു ഗ്രാം തങ്കം 692 രൂപയുടെ നേട്ടത്തില്‍ 25,992 രൂപയായി. അതേസമയം അവധി വ്യാപാര രംഗത്ത് സ്വര്‍ണ വില 26,198 രൂപയില്‍ പുതിയ റെക്കോഡ് സ്ഥാപിച്ചു.  

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണ വില ഔൺസിന് 1720 ഡോളറില്‍ തുടങ്ങി 1780.80 വരെ കയറി. ആഗോള സാമ്പത്തിക മേഖലയിലെ  മാന്ദ്യവും അമേരിക്ക അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളുമാണ് ധനകാര്യസ്ഥാപനങ്ങളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാൻ നിര്‍ബന്ധിതരാക്കിയത്.

കഴിഞ്ഞ 30 ദിവസത്തിനിടയില്‍ സ്വര്‍ണ വില ഔണ്‍സിന് 240 ഡോളര്‍ ഉയര്‍ന്നു. അതേസമയം ഒരു വര്‍ഷത്തിനിടയില്‍ 580 ഡോളറാണ് വര്‍ധിച്ചത്.