#വിപണി

വീണ്ടും ആഗോളമാന്ദ്യം?

22 Sep, 2011

വാഷിംഗ്ടൺ: ലോകം വീണ്ടും സാമ്പത്തികമാന്ദ്യത്തിലേക്കാണോ എന്നു സംശയമുണരുന്നു. ആഗോളനിലയിലുള്ള സാമ്പത്തിക രംഗത്തെ വളർച്ചയിൽ രാജ്യാന്തര നാണ്യനിധി (ഐ.എം.എഫ്) ആശങ്ക രേഖപ്പെടുത്തിയതാണ് വീണ്ടും മാന്ദ്യഭീഷണിയുയരുമോ എന്ന ഭയത്തിലേക്ക് ലോകത്തെ കൂട്ടിക്കൊണ്ടുപോകുന്നത്.

ലോക സാമ്പത്തിക രംഗം അപകടകരമായ ഘട്ടത്തിലേക്ക് കടന്നതായാണ് ഐ.എം.എഫ് വിലയിരുത്തല്‍. ഇതു ശക്തമായ വിധത്തിലാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച കടുത്ത തോതില്‍ ദുര്‍ബലമാണ്. അമേരിക്കയിലും, യൂറോപ്യൻ രാജ്യങ്ങളിലും സാമ്പത്തികാസ്വസ്ഥകൾ ഇനിയും പൂര്‍ണമായി മാറിയിട്ടില്ലെന്നുമാത്രമല്ല, അതു കൂടുന്ന പ്രവണത പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. അവിടങ്ങളിലെയും ലോകത്തൊട്ടാകെയും ഉണ്ടാകുന്ന രാഷ്ട്രീയാസ്വസ്ഥതകളും സാമ്പത്തികത്തളര്‍ച്ചയ്ക്കു കാരണമാണ്. ഇപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും നിലനില്‍ക്കുന്ന രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ തുടര്‍ന്നാല്‍ ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നുതന്നെ  ഐ.എം.എഫ് മുന്നറിയിപ്പ് നല്‍കുന്നു.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാകുന്നത് ആഗോളസാമ്പത്തികനിലവാരത്തെത്തന്നെ തകര്‍ക്കുമെന്നാണു വിലയിരുത്തല്‍, അമേരിക്കയുടെ സാമ്പത്തികദുര്‍ബലത വരും വര്‍ഷങ്ങളില്‍ ഇനിയും കൂടുതലാകുമെന്ന് നാണ്യനിധി വ്യക്തമാക്കുന്നു.

ലോക സാമ്പത്തിക വളര്‍ച്ച 2011ല്‍ അഞ്ചു ശതമാനം ആയിരുന്നു. അടുത്തവര്‍ഷം, ഇത് ഒരുശതമാനം കുറഞ്ഞ് നാലു ശതമാനത്തിലേക്ക് താഴുവാനാണു സാദ്ധ്യതയെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു.