#രാഷ്ട്രീയം

9/17 വാള്‍സ്ട്രീറ്റ് : സെപ്തംബറിന്റെ സങ്കടം

കാളിയന്റെ വിടർന്ന ഫണത്തിന്റെ ദര്‍പ്പത്തിന്മേൽ ആഹ്ലാദനൃത്തമാടുന്ന കാര്‍വര്‍ണ്ണന്റെ രൂപമാണ് ആ പോസ്റ്റര്‍ മനസ്സിലേക്കുകൊണ്ടുവന്നത്. മഹിഷാസുരമര്‍ദ്ദിനിയായ ദുര്‍ഗ്ഗയുടെ കരാളരൂപമല്ല, ഇരയുടെ എല്ലാ രൌദ്രത്തേയും തൃണവത്ഗണിച്ച് ആനന്ദനടനമാടുന്ന ലീലാലോലുപനായ കൃഷ്ണന്റെ സ്ത്രൈണപ്രതിരൂപം. ടുണീഷ്യയില്‍ നിന്നുപടര്‍ന്ന മുല്ലപ്പൂമണം അറബ് ലോകത്തുവിരിയിച്ച വസന്തത്തിന്റെ പുഷ്പമേളയെങ്കിലുമാവാൻ വെമ്പിയ അമേരിക്കന്‍ യുവത്വത്തിലെ എണ്ണിപ്പെറുക്കാവുന്ന വാടാമുല്ലകളുടെ ഗന്ധരഹിതമായ ദുര്‍ബലപ്രതിഷേധത്തിനുവേണ്ടി തയ്യാറാക്കപ്പെട്ട, ക്രുദ്ധനായ ഓഹരിക്കാളയുടെ പൂഞ്ചിയില്‍ കാല്‍ച്ചവിട്ടി നൃത്തമാടുന്ന ഓപ്പറേക്കാരിയുടെ രൂപം. Occupy Wall Street എന്ന പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന്റെ പരസ്യ പോസ്റ്റര്‍.

സോഷ്യല്‍ വെബ്സൈറ്റുകളിലൂടെ ആരംഭിച്ച്, പിന്നീട് ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഭരണമാറ്റങ്ങൾക്കു കാരണമാവുകയും ചെയ്യുകവഴി ലോകശ്രദ്ധ ആകര്‍ഷിച്ച അറബ് വസന്തത്തില്‍ നിന്നും ആവേശം പൂണ്ടാണ് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ (Occupy Wall Street) പ്രസ്ഥാനത്തിന്റെ തുടക്കം. ഉപഭോഗത്വരയുടെ സംസ്കാരം ശക്തീകരിക്കുന്നത് പരസ്യങ്ങളായതിനാല്‍ അവയെ എതിര്‍ക്കുവാന്‍ രൂപീകരിക്കപ്പെട്ട, പരിസ്ഥിതി അടക്കമുള്ള സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായ നിലപാടുള്ള, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ആസ്ഥാനമുറപ്പിച്ച, അഖില ലോക ആര്‍ട്ടിസ്റ്റുകളുടെയും ആക്റ്റിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ഒക്കെ പ്രസ്ഥാനമായ, ആഡ്ബസ്റ്റേഴ്സ് മീഡിയ ഫൌണ്ടേഷന്‍ സോഷ്യല്‍ വെബ്സൈറ്റിലൂടെ നടത്തിയ ഒരു ആഹ്വാനമാണ് വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനമായി മാറിയത്.

വളരെ ആവേശകരമായ പ്രതികരണം സോഷ്യല്‍ വെബ്സൈറ്റുകളിലൂടെ നേടുകയും പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണ നേടിയെടുക്കയും ചെയ്ത വാള്‍സ്ട്രീറ്റ് കീഴടക്കല്‍ പ്രസ്ഥാനം കടന്നുപോയ സെപ്റ്റംബര്‍ 17ന് വാള്‍സ്ട്രീറ്റിനു സമീപം നടന്ന പ്രകടനത്തോടെ സ്ഥാപിതമായി. ലോകത്തിന്റെ തന്നെ സാമ്പത്തിക തലസ്ഥാനം എന്നു വിശേഷിപ്പിക്കാവുന്ന മാന്‍ഹാട്ടൺ പട്ടണത്തിന്റെ “ലോവര്‍ മാന്‍ഹാട്ടന്‍“ എന്ന് അറിയപ്പെടുന്ന സ്ഥലത്തെ “സുക്കോട്ടി” പാര്‍ക്കില്‍ ന്യൂയോര്‍ക്ക് സ്റ്റോൿ എക്സ്‌ചേഞ്ചിന് നൂറുവാരമാറി, വാള്‍സ്ട്രീറ്റിലേക്ക് ഒരു കല്ലെറിഞ്ഞാല്‍ എത്താന്‍ മാത്രം ദൂരത്തില്‍ ഈ പ്രസ്ഥാനം നടന്നുകൊണ്ടിരിക്കുന്നു!