#മുഖം

ജീവിക്കുവാനുള്ള കാരണങ്ങള്‍

എത്രതവണ ഈ കുറിപ്പെഴുതാനിരുന്നിട്ടു് കരഞ്ഞുവീർത്ത കണ്ണുകളുമായി എഴുന്നേറ്റുപോയെന്നറിയില്ല. ഏതു സ്വകാര്യദുഃഖത്തേയും സ്റ്റോറിയായി മാത്രം കണ്ടുപരിചയമുള്ള ഒരു പ്രൊഫഷനിൽ ഇങ്ങനെ സംഭവിക്കാൻ പാടുള്ളതല്ല. പക്ഷെ ജിനേഷിന്റെ കാര്യത്തില്‍ നിയമങ്ങൾ തെറ്റുന്നു.

ഇന്നലെ ഉച്ചയ്ക്കാണു് ജിനേഷിന്റെ വിയോഗമറിയുന്നത്. വെല്ലൂര്‍ സിഎംസിയില്‍ ക്യാന്‍സറിനോടുപൊരുതിത്തോറ്റ ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരനു് ഇന്നു മണ്ണാര്‍ക്കാടു് അന്ത്യവിശ്രമമായി. ജിനേഷ് കാഞ്ഞിരങ്ങാട്ടില്‍ ജയരാമന്‍ എന്ന ജിന്‍സ്ബോണ്ടിനു് മലയാളത്തിന്റെ കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി.

അറിയില്ല, എന്തൊക്കെയാണെഴുതേണ്ടതെന്നു്. പലതരത്തിലുള്ള ബന്ധമായിരുന്നു, എനിക്കു് ജിനേഷുമായി ഉണ്ടായിരുന്നതു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിലെ സജീവാംഗം എന്ന നിലയിലുള്ള ബന്ധമാണു് ആദ്യത്തേതു്. അതുവഴി ജിനേഷിന്റെ ബ്ലോഗിലേക്കും എത്തിപ്പെട്ടു. The log book of an observer എന്നായിരുന്നു അവന്റെ ബ്ലോഗിനു പേരിട്ടിരുന്നതു്. നിരീക്ഷകന്റെ ആ നാള്‍വഴിപ്പുസ്തകം ഇന്നു് ഇന്‍വൈറ്റഡ് റീഡേഴ്സിനു വേണ്ടി മാത്രം തുറന്നിട്ടിരിക്കയാണു്. അതിലെ കുറിപ്പുകള്‍ എവിടെപ്പോയോ എന്തോ... ബ്ലോഗ് വായനയിലൂടെ ശക്തമായ ബന്ധം പിന്നീടു് ഗാഢമായ സുഹൃദ്ബന്ധമായി മാറി.

മലയാളം എന്ന ഈ വെബ്സൈറ്റ് തുറന്നതോടെ തുടക്കംമുതല്‍ തന്നെ ഞങ്ങളുടെ ടീമില്‍ ഒരംഗമായി ജിനേഷ് മാറി. മലയാളരാജ്യത്തിനുവേണ്ടി ഫോര്‍മുല വൺ റേസുകള്‍ റിവ്യൂ ചെയ്തു. ഐപിഎല്‍ എന്ന കായികമാമാങ്കത്തിന്റെ വാതില്‍പ്പുറം കളികളെക്കുറിച്ചെഴുതി. ആസ്റ്റെറിക്സ് എന്ന കാര്‍ട്ടൂണ്‍ പരമ്പരയെക്കുറിച്ചും ദി ബിഗ് ബാങ് തിയറി എന്ന സിറ്റ്കോമിനെക്കുറിച്ചും സ്വത്വരാഷ്ട്രീയത്തെക്കുറിച്ചും മാദ്ധ്യമങ്ങളുടെ പരിണാമത്തെക്കുറിച്ചും ഒക്കെ ഒരേ തീവ്രതയോടെ ജിനേഷ് എഴുതി. തലമുടിയെക്കുറിച്ച് ഒരുപന്യാസം എന്ന ഏറെക്കുറെ പേഴ്സണലായ കുറിപ്പും മലയാളത്തിലെഴുതി. ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സ്റ്റോറികളില്‍ ഫാക്ച്വല്‍ എറേഴ്സ് വരുമ്പോളെല്ലാം അതുതിരുത്താന്‍ ഓടിയെത്തി. എഴുതിയതിനേക്കാള്‍ കൂടുതല്‍ ജിമെയ്ല്‍ ചാറ്റുകളില്‍ പറഞ്ഞുതീര്‍ത്തു.