#വിപണി

നാണ്യപ്പെരുപ്പം ആശങ്കാജനകം: ആര്‍ബിഐ ഗവര്‍ണര്‍

14 Oct, 2011

ജയ്പൂർ: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാനുള്ള നിരവധി നടപടികൾക്കിടയിലും നാണ്യപ്പെരുപ്പം ആശങ്കാജനകമായിത്തന്നെ തുടരുന്നുവെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം ജയ്പൂരിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് 2010നു ശേഷം 12 തവണയാണ് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയത്. ഇതുമൂലം ബാങ്ക് വായ്പകളുടെ പലിശനിരക്ക് ഉയര്‍ന്നിരുന്നു. ഇതാകട്ടെ ഉത്പാദനത്തെ മോശമായി ബാധിച്ചു. നടപടിയില്‍ രാജ്യത്തെ ഉത്പാദനമേഖലയിലുള്ളവര്‍ അസംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

എന്നിട്ടും പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിക്കുന്നത്. ഈ മാസം 25 നാണ് റിസര്‍വ് ബാങ്ക് ഇനി സാമ്പത്തികനയങ്ങള്‍ പുനഃപരിശോധിക്കുക.