#വെബ്

ഗൂഗിള്‍ ബസ് നിര്‍ത്തലാക്കുന്നു

14 Oct, 2011

ഗൂഗിളിന്റെ ബസ് ഓട്ടം നിർത്തുന്നു. ഏതാനും ആഴ്ചകൾ കൂടി മാത്രമേ, ബസ് സര്‍വീസ് ഉണ്ടാവുകയുള്ളു. ബസും വെബ് സൈറ്റുകളെ ബസുമായി കണ്ണിചേര്‍ക്കാൻ ലഭ്യമാക്കിയിരുന്ന ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേസും (API) ഉടനടി അടച്ചുപൂട്ടും. തുടര്‍ന്ന് ബസ് ഉപയോഗിക്കാനാവില്ലെങ്കിലും ഇതേ വരെ ബസിൽ ഇട്ട പോസ്റ്റുകളും കമന്റുമൊക്കെ ഗൂഗിള്‍ പ്രൊഫൈലില്‍ നിന്ന് കാണാനാകും. അതും അലഭ്യമാകുന്ന കാലം വിദൂരമല്ലാത്തതിനാല്‍ ഗൂഗിള്‍ ടേൿ ഔട്ട് എന്ന സൌകര്യം ഉപയോഗിച്ചു് എല്ലാം വാരിക്കെട്ടിക്കോളാനാണു് ഗൂഗിളമ്മച്ചി ഉപദേശിക്കുന്നതു്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഗൂഗിളിന്റെ കഞ്ഞിയല്ല, എന്നാണു തോന്നുന്നതു്. ഗൂഗിള്‍ ആദ്യം ഏറ്റെടുത്ത ഓര്‍ക്കുട്ട് ആ സമയത്തു് ഇന്ത്യയിലും ബ്രസീലിലും വളരെ പോപ്പുലര്‍ ആയിരുന്നെങ്കിലും സംഗതി ഗൂഗിളിന്റെ കയ്യിലെത്തി അധികം കഴിയാതെ തന്നെ, ഉപയോക്താക്കള്‍ കയ്യൊഴിഞ്ഞു. ചത്തുപോയ ഓര്‍ക്കുട്ടിന്റെ പ്രേതം ഇപ്പോള്‍ ഒരു മലയാള സിനിമയുടെ രൂപത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ടു്. ആ വകയില്‍ റിമ കല്ലിങ്ങലിനു കുറേ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരിക്കാമെങ്കിലും നിര്‍മ്മാതാക്കളുടെ അവസ്ഥ പ്രൊഫൈല്‍ അടിച്ചുപോയ ഗൂഗിള്‍ ബസ് ഉപയോക്താക്കളുടേതിനു തുല്യമാണെന്നു കേള്‍ക്കുന്നു. തന്‍കാലുമായി ജനിച്ച ഓര്‍ക്കുട്ടുണ്ടോ, ഈ നിര്‍മ്മാതാക്കളെ രക്ഷിക്കാന്‍ പോകുന്നു!

ഓര്‍ക്കുട്ട് പരാജയപ്പെട്ട മുറയ്ക്കു് ഗൂഗിള്‍ അവതരിപ്പിച്ച ലോകത്തിലെ എട്ടാമത്തെ അത്ഭുതമായിരുന്നു, ഗൂഗിള്‍ വേവ്. അതിന്റെ വേവു ശരിയല്ലെന്നു് അന്നേ ആളുകള്‍ പറഞ്ഞതാണു്. വേവാത്ത ചൂടുചേമ്പു് നാവിലിട്ട അവസ്ഥയായി, ഗൂഗിളിനു് വേവ്. ലീനിയര്‍ കോൺവര്‍സേഷന്‍ ശീലിച്ച മനുഷ്യന്റെ ബുദ്ധിയെ പരീക്ഷിക്കാന്‍ നോണ്‍ലീനിയര്‍ റിയല്‍ടൈം കോണ്‍ട്രിബ്യൂഷന്‍ പായ്ക്കുമായിറങ്ങിയ ഗൂഗിള്‍ വെള്ളംകുടിച്ചു. ഒരു മാസം വേവ് തികച്ചുനിന്നോ എന്നറിയില്ല.

വേവില്‍ നിന്നു പാഠം പഠിച്ചു എന്നുപറഞ്ഞായിരുന്നു, ഗൂഗിള്‍ ബസ് അവതരിപ്പിച്ചതു്. ബസോട്ടം തുടങ്ങിയപ്പോള്‍ അതിലേക്കിടിച്ചുകയറാന്‍ ലോകം വെമ്പുമെന്നായിരുന്നു ഗൂഗിള്‍ കരുതിയതു്. ലോകം വെമ്പിയില്ലെങ്കിലും മലയാളികള്‍ വെമ്പി. അതല്ലെങ്കിലും അങ്ങനെയാണല്ലോ. ഫേസ്ബുക്ക് ഇരിക്കേണ്ടിടത്തു ഫേസ്ബുക്ക് ഇരുന്നില്ലെങ്കില്‍ അവിടെ ഗൂഗിള്‍ ബസ് കയറിയിരിക്കും എന്നാണു് ചൊല്ല്.

മലയാളികള്‍ പറ്റമായി ഫേസ്ബുക്കില്‍ കയറാന്‍ അല്‍പ്പം താമസിച്ചതിനാല്‍ ഗൂഗിള്‍ ബസ് തരക്കേടില്ലാതെ മലയാളം പറഞ്ഞു. എല്ലാ ബസും കൊട്ടാരക്കരയ്ക്കായിരുന്ന ഒരു കാലം കെഎസ്ആര്‍ടിസിക്കുണ്ടായിരുന്നു. അതേ പോലെ, ഗൂഗിളിന്റെ കാര്യത്തിലും എല്ലാ ബസും മലയാളത്താന്മാരാണുരുട്ടിയതെന്നു കേള്‍ക്കുന്നു. ഗൂഗിളിന്റെ കൈവശം തന്നെയിരിക്കുന്ന ബ്ലോഗര്‍ ഡോട്ട് കോമില്‍ ബ്ലോഗ്സ്പോട്ടുമായി ചെത്തിനടന്നവരൊക്കെ വാചകങ്ങള്‍ കഷ്ണിച്ച് ബസിലായി അര്‍മ്മാദം. അങ്ങനെ ബ്ലോഗ് കട്ടപ്പുറത്തായെങ്കിലും താങ്ങാവുന്നതിലധികം യാത്രക്കാരുമായി ബസ് മുക്കിമുക്കി മുന്നോട്ടുപോവുകയായിരുന്നു.