#രാഷ്ട്രീയം

ഒക്ക്യുപൈ ലണ്ടന്‍ തെരുവുകളില്‍ നിന്ന്

28 Oct, 2011

ആൻ രാജ്ഞി ഒരു ചെറിയ എടാകൂടത്തിൽ പെട്ടിരിക്കുന്നു. പോയകാലത്തെ ഈ സ്വേച്ഛാധിപതി ഒരു ഉപരോധത്തില്‍ പെട്ടുപോയിരിക്കുന്നു. തൊട്ടുപുറകില്‍ സെന്റ് പോൾസ് കഥീഡ്രലിലേയ്ക്ക് തികഞ്ഞ അച്ചടക്കത്തോടെ വരിവരിയായി നീങ്ങുന്ന വിനോദസഞ്ചാരികളായിരുന്നു അവരുടെ പതിവുകാഴ്ച. അതിപ്പൊ മാറി, യുണൈറ്റഡ് കിങ്ഡത്തിനു കുറുകെ നാലു ഭാഗത്തുനിന്നും പ്രവഹിച്ച് കുത്തിയിരുപ്പ് നടത്തുന്ന യുവാക്കള്‍ എന്നായിരിക്കുന്നു.

ഇത് "ഒക്ക്യുപൈ ലണ്ടന്‍" മൂവ്മെന്റാണ്. ന്യുയോർക്കിലെ "ഒക്ക്യുപൈ വോള്‍സ്റ്റ്രീറ്റ്" മൂവ്മെന്റില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലോകമെമ്പാടും പടര്‍ന്നുപന്തലിക്കുന്ന പ്രസ്ഥാനത്തിന്റെ ഭാഗം. സ്പെയ്നിലാരംഭിച്ച indignados (അപമാനിക്കപ്പെട്ടവര്‍ / അന്യായപ്പെടുത്തപ്പെട്ടവര്‍) മൂവ്മെന്റിനോടൊപ്പം ലോക ഐക്യദാര്‍ഢ്യ ദിനമായ ഒക്ടോബര്‍ 15നാണ് ഉപരോധം തുടങ്ങുന്നത്.

അതിനും കൃത്യം അഞ്ച് മാസം മുമ്പ് മേയ് 15നാണ് indignados മൂവ്മെന്റ് ആരംഭിക്കുന്നത്. മാഡ്രിഡിലെ ഒരു ജാഥയില്‍ തുടങ്ങി അത് പതുക്കെ ഒരു പ്രതിഷേധ തമ്പടിക്കലായി ആഴ്ചകളോളം നഗര ഹൃദയമായ Peurta del Sol ല്‍ കുടികൊണ്ടു. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ജനം അനുഭവിച്ച കടുത്ത അവഗണനയ്ക്കും വിദ്യാഭ്യാസ-പൊതുജനാരോഗ്യ പദ്ധതികളിലെ വെട്ടിച്ചുരുക്കലുകള്‍ക്കും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും കോര്‍പ്പറേറ്റ് അത്യാഗ്രഹത്തിനും എതിരെയായിരുന്നു ആ പ്രതിഷേധം. സെന്റ് പോള്‍സിലെ ഒരു ബാനറില്‍ അത് ഇങ്ങനെ പ്രതിഫലിച്ചു: “ഇത് അന്യായമാണ്”

അത് അങ്ങനെയിരിക്കെ പൊടുന്നനെ സംഭവിച്ച ഒരു കുത്തിയിരുപ്പ് സമരമായിരുന്നോ? ശരിക്കും അല്ല. ആഴ്ചകള്‍ക്ക് മുമ്പ് tory ഗവൺമെന്റിന്റെ പുതിയ National Health Services (NHS) ബില്ലിനെതിരെയുള്ള യോഗത്തോടനുബന്ധിച്ച് അവര്‍ ഒരു പൊതുസഭ ചേര്‍ന്നിരുന്നു എന്ന് പ്രതിഷേധക്കാര്‍ എന്നോട് പറഞ്ഞു. യുകെയുടെ പൊതുജനാരോഗ്യപദ്ധതിച്ചെലവുകള്‍ ഭീമമായി വെട്ടിക്കുറയ്ക്കുക എന്ന ഗവണ്‍മെന്റ് നയമാണ് NHS ബില്ലിന്റേത്. അന്നു മുതല്‍ അവര്‍ virtual ആയി എല്ലാ ദിവസവും ഒത്തുചേരാറുണ്ടായിരുന്നു.