#സിനിമ

എങ്കേയും എപ്പോതും - വ്യക്തി എന്ന സാമൂഹ്യമൃഗത്തിന്റെ പ്രതിസന്ധികള്‍

29 Oct, 2011

പുതുമുഖസംവിധായകനായ എം.ശരവണൻ സംവിധാനം ചെയ്ത് 2011 സെപ്തംബർ മാസം പുറത്തിറങ്ങിയ തമിഴ്‌സിനിമയാണ് എങ്കേയും എപ്പോതും. 'ഗജിനി', 'ഏഴാം അറിവ്' മുതലായ ചിത്രങ്ങളിലൂടെ പ്രശസ്തനായ എ.ആര്‍. മുരുഗഡോസ് ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ്. ജയ്, അഞ്ജലി, അനന്യ, ഷര്‍വാനന്ദ് മുതലായവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സാമാന്യം നല്ല പ്രതികരണമാണ് തമിഴ് സിനിമാപ്രേക്ഷകര്‍ക്കിടയിൽ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.

സിനിമ അതിന്റെ നേര്‍ക്കാഴ്ചയില്‍ വളരെ ലളിതമാണ്. തമിഴ് സിനിമാസ്വാദകര്‍ പൊതുവെ 'ന്യൂ വേവ്' എന്ന് സംബോധന ചെയ്യുന്ന രൂപവും ഭാവവുമാണ് ഈ സിനിമയും പിന്‍പറ്റുന്നത്. താടി വളര്‍ത്തിയ നായകകഥാപാത്രങ്ങൾ, മേക്കപ്പില്ലാത്ത പെൺകഥാപാത്രങ്ങള്‍ , റോഡപകടമെന്ന ഏകബിന്ദുവില്‍ പര്യവസാനിക്കുന്ന ഒന്നിലധികം കഥാതന്തുക്കള്‍, മനപ്രയാസമുണ്ടാക്കുന്ന തരത്തിലുള്ള വയലന്‍സ് മുതലായവയില്‍ നിന്നും ഈ സിനിമയും വിടുതല്‍ നേടുന്നില്ല.

എങ്കിലും 'എങ്കേയും എപ്പോതും' വ്യത്യസ്തമാവുന്നത് അതിന്റെ നേര്‍ക്കാഴ്‌‌ചയില്‍ നിന്നല്ല മറിച്ച് ഇതേ പാതയില്‍ പുറത്തിറങ്ങിയ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് സാമൂഹ്യശാസ്ത്രപരമായ വിവിധതരം വായനകള്‍ക്ക് കുറേയേറെ സാധ്യതകള്‍ ഈ പടം നല്‍കുന്നുണ്ട്‌ എന്നതുകൊണ്ടാണ്.