#വെബ്

അറുപതാമത്തെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ തൊടല്ലേ! തൊടല്ലേ!

31 Oct, 2011

ആദ്യം വരുന്ന തീവണ്ടി നല്ല വണ്ടിയായിരിക്കുമെന്നും കള്ളവണ്ടി കയറാൻ ആഗ്രഹിക്കുന്നവർ രണ്ടാമത്തെ വണ്ടി നോക്കിവേണം കയറാന്‍ എന്നും പണ്ടേക്കുപണ്ടേ വികെഎന്‍ പറഞ്ഞിട്ടുണ്ട്. അതുപോലെ, ഇപ്പോൾ സോഷ്യൽ നെറ്റ്‌വര്‍ക്ക് സൈറ്റുകളെക്കുറിച്ചും പറയേണ്ടിവരുന്ന അവസ്ഥയാണ്. നല്ലതിനുപിന്നാലെ കള്ളനും വരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പ്ലസ് തുടങ്ങിയവയിലൊക്കെ ചതിക്കുഴികളും പതുങ്ങിയിരിക്കുന്നു.

ബരാകുഡ നെറ്റ്‌വര്‍ക്ക് ശേഖരിച്ച സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഡേറ്റ അനുസരിച്ചാണ് ഈ വിലയിരുത്തലുകള്‍ വന്നിരിക്കുന്നത്. ഫെയ്‌സ്ബുക്കിനെ സംബന്ധിച്ചുള്ള വിവരം ആദ്യത്തെ അന്‍പത്തൊന്‍പതെണ്ണമാണ് നല്ലത്. അറുപതാമത്തെ സംഗതി തൊട്ടേക്കരുത്, സംഭവം കള്ളനാണ്, അപകടകരമാണ്.

മനസ്സിലായില്ലെങ്കില്‍, വിശദീകരിക്കാം. അറുപതിലൊന്ന് ഫെയ്സ് ബുക്ക് പോസ്റ്റിലും ദുഷ്ടപ്രോഗ്രാമുകള്‍ ഒളിച്ചിരിക്കുന്നു എന്നാണ് ബരാകുഡ പറയുന്നത്. ട്വിറ്ററും മോശമല്ല. തൊണ്ണൂറ്റൊന്‍പതു കഴിഞ്ഞ്, നൂറാമത്തെ പോസ്റ്റില്‍ തൊട്ടാല്‍ നാറാനിടയുണ്ടെന്നാണ് ബരാകുഡ മുന്നറിയിപ്പു നല്കുന്നത്. എന്നുവച്ചാല്‍, നല്ലതും കെട്ടതും തമ്മിലുള്ള ട്വിറ്റര്‍ അനുപാതം നൂറിലൊന്ന് എന്ന നിരക്കിലാണ്.

ട്വിറ്ററില്‍ 43 ശതമാനമേ യഥാര്‍ത്ഥ യൂസര്‍മാരുടെ പേരിലുള്ള നെറ്റ്‌വര്‍ക്കിംഗ് ഉള്ളൂ എന്നും വിലയിരുത്തപ്പെടുന്നു. ശേഷിച്ചത്, അല്ലെങ്കില്‍ 57 ശതമാനം, ഏതാണ് അധികമെങ്കില്‍ അത്രയും വ്യാജ യൂസര്‍മാരാണ്.

അതുപോലെ, യൂസര്‍മാരില്‍ ഫെയ്‌സ്ബുക്കിലുള്ളവര്‍ക്ക് ആത്മവിശ്വാസക്കുറവുണ്ടെന്നും ബരാകുഡ കണ്ടെത്തുന്നു. 40 ശതമാനം ഫെയ്‌സ്ബുക്ക് ഉപയോക്താക്കളും ആത്മവിശ്വാസമില്ലായ്മ പ്രകടിപ്പിക്കുന്നുവത്രേ. അതായത്, യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവയ്ക്കാന്‍ പലരും തത്രപ്പെടുന്നു. ട്വിറ്ററില്‍ 28 ശതമാന യൂസര്‍മാരും ഇതേ പാതയിലാണ്. അതേസമയം, ലിങ്കഡ്ഇന്‍ ഉപഭോക്താക്കളില്‍ 14 ശതമാനം പേര്‍ക്കേ ഈ കുഴപ്പമുള്ളൂ.