#കൗണ്ടർ ക്ലോസ്

കൃഷ്‌ണനും രാധയും - സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകുന്നതെങ്ങനെ? (ഭാഗം - 2)

11 Nov, 2011

അബുബക്കറിന്റെ സിനിമാറിവ്യൂകൾ അതാതുസിനിമയുടെ പാഠങ്ങളിൽ ഒതുങ്ങിയവയായിരുന്നില്ല. താരഗരിമയുടെ പരിണാമചരിത്രങ്ങളന്വേഷിക്കുന്നതിലും ഓരോ സിനിമയേയും അതിനുമുമ്പുവന്ന ചിത്രങ്ങളുടെ തുടർച്ചയായി വായിക്കുന്നതിലും കാലഘട്ടത്തിന്റെ സാമൂഹ്യസവിശേഷതകളെ വിശകലനം ചെയ്യുന്നതിലും ഈ പംക്തിയില്‍ ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമത്തിന്റെ ഒരു ക്രോഡീകരണം എന്ന നിലയിലായിരുന്നു താരനിര്‍മ്മിതിയുടെ ഘടകങ്ങളേക്കുറിച്ച് അന്വേഷിക്കുന്ന തേജാഭായിയുടെ റിവ്യൂ. അതിന് ഒരു അനുബന്ധമാണ് കൃഷ്ണനും രാധയും എന്ന സന്തോഷ് പണ്ഡിറ്റ് ചിത്രത്തിനെക്കുറിച്ചുള്ള നാലുഖണ്ഡങ്ങളുള്ള ഈ പഠനം. ലേഖനത്തിലേക്ക്:

മലയാളസിനിമയിലെ ഏറ്റവും പുതിയ തരംഗമായിരിക്കുന്ന സന്തോഷ്‌ പണ്ഡിറ്റും മലയാളസിനിമയിലെ താരങ്ങളായ മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തുവരെയുള്ളവരുമായിട്ടുള്ള സുപ്രധാനവ്യത്യാസമെന്താണ്‌?

ഉത്തരം - മമ്മൂട്ടി മുതല്‍ ഇന്ദ്രജിത്തു വരെയുള്ള താരസുന്ദരന്മാരുടെ തലയില്‍, ശിരോചര്‍മത്തില്‍നിന്നുരുവംകൊണ്ടതുപോലെ നിങ്ങള്‍ കാണുന്ന കേശഭാരത്തില്‍നിന്നു വ്യത്യസ്‌തമായി, സന്തോഷ്‌ പണ്ഡിറ്റിന്റെ തലയില്‍ നിങ്ങള്‍ കാണുന്ന മുടിയിഴകളോരോന്നും സത്യമാണ്‌. നിങ്ങള്‍ക്കതില്‍ പിടിച്ചുവലിക്കാം. അങ്ങനെ വലിച്ചാല്‍ സന്തോഷ്‌ പണ്ഡിറ്റ്‌ അയ്യോ എന്നു നിലവിളിക്കും. അതു വേദനകൊണ്ടായിരിക്കും.