#കൗണ്ടർ ക്ലോസ്

പണ്ഡിറ്റ്‌ ചെയ്‌ത പുണ്യങ്ങള്‍

11 Nov, 2011

'കോമാളികള്‍ നായകന്മാരും നായകന്മാര്‍ കോമാളികളും ആകുന്നത്‌' എന്ന ലേഖനം വായിച്ചതിനുശേഷം തുടരുക:

പണ്ഡിറ്റ്‌ തെളിയിച്ചതെന്താണ്‌?

സിനിമ എന്നത്‌ ഒരു വലിയ സംഭവമല്ലെന്നും ആര്‍ക്കും ചെയ്യാവുന്ന ഒരു സംഗതിയാണെന്നുംതന്നെ. അതിന്‌ സിനിമാസംഘടനകളുടെ മുന്നിൽ ഓച്ഛാനിച്ചു നില്‍ക്കേണ്ടതില്ലെന്നും പണ്ഡിറ്റ്‌ തെളിയിച്ചു. ബാബുരാജ്‌ ചോദിക്കുന്നതിതാണ്‌. ഈ സിനിമയെടുക്കാൻ വേണ്ട അനുമതിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റും ഇവനെവിടെനിന്നു കിട്ടി?

പാവം ബാബുരാജ്‌, അഡ്വക്കേറ്റാണെങ്കിലും അടിപിടിയുമായി നടക്കുന്നതിനിടെ നാട്ടില്‍ നിയമം മാറുന്നതൊന്നും അറിയുന്നില്ല. സിനിമ പിടിക്കാന്‍ സംഘടനകളുടെ അനുമതി വേണമെന്നാണ്‌ സംഘടനകള്‍ ലവന്മാരെയെല്ലാം പറഞ്ഞുപഠിപ്പിച്ചുവച്ചിരിക്കുന്നത്‌. അതിന്‌ ഒരു കാരണമുണ്ടായിരുന്നു. സര്‍ക്കാരിന്റെ കൈയിലിരിക്കേണ്ട ഫിലിം ചേംബര്‍ ഓഫ്‌ കമേഴ്‌സ്‌ എന്ന സ്ഥാപനം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ കൈയില്‍ വയ്‌ക്കുകയും അവരുടെ അനുമതിയുണ്ടെങ്കിലേ സെന്‍സര്‍ സാദ്ധ്യമാകൂ എന്ന അവസ്ഥ സൃഷ്‌ടിച്ചുവയ്‌ക്കുകയും ചെയ്‌തിരുന്നു.