#രാഷ്ട്രീയം

ജനാധിപത്യത്തെ ആരാണ് സംരക്ഷിക്കുക?

24 Nov, 2011

നമ്മുടെ ജനാധിപത്യത്തെ ആരാണ് സംരക്ഷിക്കുക എന്ന ചോദ്യം വീണ്ടും ചർച്ചയായിരിക്കുകയാണ്. നിയമവാഴ്ചയേയും ജനാധിപത്യത്തേയും കുറിച്ചുള്ള ചാനൽ ബുദ്ധിജീവികളുടെ വിശ്രമവേളാചര്‍ച്ചകൾ കുറച്ചുകൂടി മുന്നോട്ട് പോയി പൊതുപ്രവര്‍ത്തകരുടെ ഭാഷ, സംസ്കാരം, മര്യാദ തുടങ്ങി ഭാഷാശാസ്ത്രത്തിന്റെയും സംസ്കാരിക പഠനങ്ങളുടെയും മേഖലയിലേക്കും പതുക്കെ തിരിഞ്ഞിരിക്കുന്നു.

എം വി ജയരാജന്റെ പ്രസംഗവും തുടര്‍ന്നുണ്ടായ ശിക്ഷാവിധിയും ഗൌരവതരമായ ഒരു സാമൂഹ്യ പ്രശ്നമായി ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. എന്നാല്‍ അതിനെ സങ്കുചിതമായ കക്ഷിരാഷ്ട്രീയ പ്രശ്നമായി അവതരിപ്പിക്കാനായിരുന്നു മാധ്യമങ്ങളുടെ ശ്രമം. ജനാധിപത്യത്തില്‍ കോടതികള്‍ പരമപ്രധാനമാണെന്നും അതിനെതിരെ സംസാരിക്കുന്നത് നിയമവാഴ്ചയേയും ജനാധിപത്യത്തേയും തകര്‍ക്കുമെന്നും ഉമ്മൻ ചാണ്ടി മുതല്‍പേര്‍ ആണയിടുകയുണ്ടായി. കോടതിയെ വിമര്‍ശിക്കാമെങ്കിലും അതിനുപയോഗിക്കുന്ന ഭാഷ പരുഷമാകരുതെന്ന് രാംകുമാറിനേപോലുള്ള വലതുപക്ഷ വക്കീലന്മാരും നിയമവിദഗ്ധരും അഭിപ്രായപ്പെട്ടു. കോടതിവിധി കടുത്തുപോയി എന്ന് പറഞ്ഞവരും ജയരാജന്റെ ഭാഷ അതിരുകടന്നു എന്ന് അതേശ്വാസത്തില്‍ പറഞ്ഞുവച്ചു. അതിവേഗം മധ്യവര്‍ഗവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയ സമൂഹത്തിന് ഒരുപക്ഷേ സ്വീകാര്യമായേക്കാവുന്ന ഈ വാദങ്ങള്‍ക്കിടയില്‍ അനിവാര്യമായും ചര്‍ച്ച ചെയ്യപ്പെടേണ്ട ചില കാര്യങ്ങള്‍ പക്ഷേ വിട്ടുപോവുകയാണുണ്ടായത്.

എം വി ജയരാജന്‍ വിവാദപരമായ പ്രസംഗം നടത്തിയത് വളരെ സവിശേഷമായ ഒരു സാഹചര്യത്തിലാണ്. പൊതുസ്ഥലത്ത് പ്രകടനങ്ങളും ജനങ്ങളുടെ മറ്റ് കൂടിച്ചേരലുകളും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അതിനെ വിമര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തിയത്.