#വെബ്

വൈ ദിസ് #kolaveri കൊലവെറി :D

വൈറൽ മാർക്കറ്റിങ് ആണു് ഇപ്പോഴത്തെ ട്രെൻഡ്. വളരെ എളുപ്പത്തില്‍ ശ്രദ്ധപിടിച്ചുപറ്റാനും ഒരു പ്രോഡക്ടിലേക്കോ വ്യക്തിയിലേക്കോ പ്രേക്ഷകരെ ആകര്‍ഷിക്കാനും ഇത്രയും മെച്ചപ്പെട്ട മാര്‍ഗ്ഗം വേറെയില്ല. എത്രയും കൂടുതല്‍ പങ്കുവയ്ക്കപ്പെടുന്നുവോ, അത്രയും കൂടുതല്‍ പരസ്യപ്പെടുന്നു എന്നതാണു് ഇതിന്റെ മെച്ചം. പങ്കുവയ്ക്കല്‍ ഒരിക്കലും കടല്‍ക്കൊള്ളയല്ലെന്നും അതു് കൂടുതല്‍ വരുമാനം നേടിത്തരുകയേയുള്ളുവെന്നും തെളിയിക്കാന്‍ ഇതില്‍ പരം എന്തുദാഹരണമാണവശ്യം? മ്യൂസിക് പൈറസി എന്ന പേരില്‍ ബഹളം വയ്ക്കുന്നവര്‍ക്കെതിരെ എടുത്തുപിടിക്കാന്‍ പറ്റുന്ന ഉഗ്രനൊരു വാദം!

ഈ ജനുസ്സിലുള്ള ഏറ്റവും പുതിയ മ്യൂസിക് വീഡിയോയാണു് why this kolaveri di എന്ന പാട്ടു്. രജനീകാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ കഥയെഴുതി സംവിധാനം ചെയ്യുന്ന മൂന്നു് എന്ന തമിഴ് ചിത്രത്തിലേതാണു് ഈ കൊലകൊമ്പന്‍ ഗാനം. ബ്രൂസ്‌ലി ധനുഷ് നായകനും കമലഹാസന്റെ മകൾ ശ്രുതി ഹാസന്‍ നായികയുമായി തകര്‍ത്തഭിനയിക്കുന്ന മൂന്‍ട്രിനു് ഈ ഒറ്റ പാട്ടുകാരണം അപാരമായ പബ്ലിസിറ്റിയാണു ലഭിച്ചതു്. ധനുഷ് തന്നെയാണു് ഗാനം ആലപിക്കുന്നതും.

ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സോണി മ്യൂസിൿ ഇന്ത്യ, ഈ പാട്ടിന്റെ ചിത്രീകരണ ആല്‍ബം പുറത്തുവിട്ടതോടെയാണു് ഫേസ്ബുക്കിലും ട്വിറ്ററിലും ഗാനം ട്രെന്‍ഡിയായതു്. മൂന്നു ദിവസമായി ഇന്ത്യയിലെ ട്വിറ്റര്‍ സ്ട്രീമില്‍ ടോപ് ടെന്നില്‍ കളിക്കുന്ന കൊലവെറി ഇന്നു് അതില്‍ തന്നെ ഏറ്റവും ടോപ്പിലേതാണു്. എന്തിനധികം പറയുന്നു, ആനന്ദ് മഹീന്ദ്ര വരെ #kolaveri എന്ന ഹാഷ് ടാഗ് ഉപയോഗിച്ചു് പാട്ടിനു പബ്ലിസിറ്റി കൊടുക്കുന്നു. അതും പോരാഞ്ഞു്, #kolaViral എന്ന പുതുപുത്തന്‍ ഹാഷ് ടാഗ് ഉപയോഗിച്ചു പിന്നെയും ട്വീറ്റ് ചെയ്യുന്നു, മഹീന്ദ്ര.