#വിശകലനം

സ്വര്‍ണ്ണഭ്രമത്തിന്റെ രാഷ്ട്രീയ മാനങ്ങള്‍

03 Dec, 2011

സഞ്ചരിക്കുന്ന സ്വർണ്ണക്കടകൾപോലെയുള്ള ഒരു കൂട്ടം മനുഷ്യരെ ദിവസേന നിങ്ങള്‍ക്ക് കാണാൻ കഴിയുന്നു എന്ന് കരുതുക-അത്തരമൊരു സമൂഹത്തെപ്പറ്റി ഏതുതരം നിഗമനങ്ങളിലാണ് നിങ്ങളെത്തിച്ചേരുക? തീര്‍ച്ചയായും അകം പൊള്ളയായ ഒന്ന് എന്ന മട്ടിലായിരിക്കും ആ വിലയിരുത്തലുകള്‍.

അങ്ങിനെയെങ്കിൽ അന്തസ്സാരാശൂന്യമായ ഒരു സമൂഹമായി മലയാളി അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ അവന്റെ/ അവളുടെ ശരീരം ഇന്ന് നിങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ലോകത്തിലേറ്റവുമധികം സ്വര്‍ണ്ണഭ്രമമുള്ള സമൂഹമായി കേരളം അതിവേഗം മാറിയിരിക്കുന്നു.

ഇന്ത്യയിലെ സ്വര്‍ണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും കേരളത്തിലാണ് (ജനസംഖ്യയുടെ 3 ശതമാനമാണ് നാം എന്നോര്‍ക്കണം). 1978നെ അപേക്ഷിച്ച് 2003 ആയപ്പോഴേക്കും കേരളത്തിലെ സ്വര്‍ണ്ണ ഉപഭോഗം 300 മടങ്ങ് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ ഏഴോ എട്ടോ വര്‍ഷങ്ങളില്‍ അത് വീണ്ടും വര്‍ദ്ധിച്ച് 400 ഇരട്ടിയായി മാറി.

1990-ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കടകളുടെ എണ്ണം 1,100 ആയിരുന്നു. എന്നാല്‍ 2008 ആയപ്പോഴേക്ക് അത് 4000 ആയി വര്‍ദ്ധിച്ചു. രജിസ്റ്റര്‍ ചെയ്യാത്ത 7000 കടകള്‍ വേറെയുമുണ്ട്.