#വിപണി

വരുന്നൂ വന്‍മാന്ദ്യം, ഇന്ത്യയും പെടും!

03 Dec, 2011

അടുത്ത വർഷം തന്നെ ആഗോളവ്യാപകമായി വലിയൊരു സാമ്പത്തികമാന്ദ്യം വീശിയടിക്കുമെന്നും കഴിഞ്ഞതവണ പിടിച്ചുനിന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾ പോലും ഈ രണ്ടാം മാന്ദ്യക്കൊടുങ്കാറ്റിൽ കടപുഴകുമെന്നും വിലയിരുത്തല്‍. ഐക്യരാഷ്ട്രസഭ (യു.എൻ.) ആണ് ഇത്തരമൊരു മുന്നറിയിപ്പു നല്‍കുന്നതെന്നതിനാല്‍ സംഭവം കൂടുതല്‍ ഗുരുതരമാണ്. ഇന്ത്യയുടെയും ചൈനയുടെയും കുതിച്ചുനീങ്ങുന്ന സമ്പദ്ഘടനകള്‍ക്കുവരെ ഈ കാലയളവില്‍ കടുത്ത തളര്‍ച്ചയനുഭവപ്പെടുമെന്നാണ് യു.എന്‍. റിപ്പോര്‍ട്ട്. 

2008-'09-ലാണ് ഇതിനുമുന്‍പ് വന്‍മാന്ദ്യം ഉണ്ടായത്. അന്ന് അമേരിക്കയിലും മറ്റും കടുത്ത പ്രശ്നങ്ങളുണ്ടായെങ്കിലും ഇന്ത്യയെ വലുതായി ഏശിയിരുന്നില്ല. അന്ന് ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ആഘാതത്തെ വിജയകരമായി ചെറുക്കാന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും പറ്റി.

2012-'13-ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.7 ശതമാനത്തിനും 7.9 ശതമാനത്തിനുമിടയിലാവുമെന്നും യു.എന്‍. റിപ്പോര്‍ട്ടു പ്രവചനം നടത്തുന്നു.  2010-ല്‍ 9.3 ശതമാനം വളര്‍ച്ച നേടിയിരുന്നു. ചൈനയുടെവികസനവും ഗണ്യമായി കുറയുമെന്നു റിപ്പോര്‍ട്ട് പറയുന്നു.

2008- '09-ലെ മാന്ദ്യത്തിന്റെ തുടര്‍ച്ചയായുണ്ടായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തതില്‍ വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്കു് മികവു കാട്ടാനാകാത്തതാണ് പ്രശ്നം.