#രാഷ്ട്രീയം

മുല്ലപ്പെരിയാര്‍ : പി.ബി. പറഞ്ഞതും മാധ്യമങ്ങള്‍ കേട്ടതും

19 Dec, 2011

മുല്ലപ്പെരിയാർ വിഷയത്തിൽ സി.പി.ഐ. (എം) പോളിറ്റ്ബ്യൂറോ നടത്തിയ പ്രസ്താവന വലതുപക്ഷ മാദ്ധ്യമങ്ങൾ പതിവുപോലെ വാര്‍ത്തയാക്കുകയുണ്ടായി. കേരളത്തിന്റെ വികാരങ്ങള്‍ പ്രതിഫലിക്കുന്നതായില്ല പ്രസ്താവന എന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നു. തമിഴ്‌നാടിന് വെള്ളം കൊടുക്കുന്ന കാര്യമാണ്, കേരളത്തിലെ ജനങ്ങളുടെ ആശങ്കയല്ല പ്രസ്താവനയുടെ ആദ്യഭാഗത്തുണ്ടായത് എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപം.

തമിഴ്‌നാടിന്റെ കൃഷിയേക്കാള്‍ പ്രധാനമായത് 35 ലക്ഷം കേരളീയരുടെ ജീവനല്ലേ എന്ന ലളിതയുക്തി ഉന്നയിച്ചുകൊണ്ട് പി.ബി.യുടെ നിലപാടിനെതിരെ ജനവികാരം വളര്‍ത്തുന്നതില്‍ അവര്‍ മിടുക്ക് കാട്ടുകയും ചെയ്തു. ഇത്തരം ഒരു സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നവും അതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളും അവധാനതയോടെ പരിശോധിക്കേണ്ടതുണ്ട്.

മുല്ലപ്പെരിയാര്‍ പ്രശ്നം രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഒരു തര്‍ക്കമാണ്. രണ്ടു സംസ്ഥാനങ്ങള്‍ (രണ്ടു വ്യക്തികളായാലും) തമ്മിലൊരു തര്‍ക്കമുണ്ടാകുമ്പോര്‍ അവരുടെ നിലപാടുകളിലെ ശരിതെറ്റുകളെക്കാള്‍ പ്രശ്നപരിഹാരത്തിന് പ്രസക്തമായിട്ടുള്ളത് അവര്‍ക്ക് രണ്ട് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടെന്ന് അംഗീകരിക്കലാണ്. കാരണം സാമൂഹ്യ ശാസ്ത്രപരമായി ശരിതെറ്റുകള്‍ തികച്ചും ആപേക്ഷികമാണ്.

കേരളത്തിന്റെ ആവശ്യം അങ്ങേയറ്റം നീതിയുക്തമാണെന്ന് നിഷ്പക്ഷമായി ഈ പ്രശ്നത്തെ സമീപിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. സാര്‍വ്വദേശീയമായ കാഴ്ചപ്പാടുള്ള സി.പി.ഐ. (എം) ന്റെ നേതൃ ഘടകത്തിന് പക്ഷേ അക്കാര്യം പിടികിട്ടാതെ പോയി എന്ന് കരുതുന്നത് തികച്ചും മൌഢ്യമാണ്. മാദ്ധ്യമങ്ങളാല്‍ സൃഷ്ടിക്കപ്പെടുന്ന വികാരപ്രകടനങ്ങളല്ല പ്രശ്നപരിഹാരത്തിനുള്ള സമൂല നിര്‍ദ്ദേശങ്ങളാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കേണ്ടത്. ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത് തീര്‍ച്ചയായും അതാണുതാനും.