#നിരീക്ഷണം

വൈരുദ്ധ്യവാദത്തിന്റെ പ്രയോഗം

22 Dec, 2011

മുല്ലപ്പെരിയാർ പ്രശ്നത്തിൽ സി.പി.ഐ.(എം) പൊളിറ്റിബ്യൂറോ എടുത്ത നിലപാടിനെ ന്യായികരിച്ച് കൊണ്ട് ഞാനെഴുതിയ ലേഖനത്തോട് ഫേസ്ബുക്കിലൂടെയും നേരിട്ടും മലയാളരാജ്യത്തിലൂടെയും ചിലര്‍ പ്രതികരിക്കുകയുണ്ടായി. താങ്കളെപ്പോലൊരാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും മലയാളികളോട് താങ്കൾക്ക് ഒരു മമതയുമില്ലെന്ന് പറയേണ്ടി വന്നതില്‍ ഖേദമുണ്ടെന്നും നിരാശാഭരിതനായ ഒരു സുഹൃത്ത് നേരിട്ട് സന്ദേശമയച്ചു. ലേഖനം നന്നായെന്ന് പറഞ്ഞവരുടെ എണ്ണമാണ് കൂടുതലെങ്കിലും ഞാനിപ്പോള്‍ പരിഗണിക്കുന്നത് നിരാശനായ ആ നല്ല സുഹൃത്തിന്റെ സന്ദേശത്തെയാണ്. കാരണം, സന്തോഷങ്ങള്‍ക്കും സമ്മതങ്ങള്‍ക്കും ചികിത്സ വേണ്ട; ദുഃഖങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും അതെപ്പോഴും ആവശ്യമാണ് താനും. (വഴിയരികില്‍ കിടക്കുന്ന ഒരു കഷണം കയര്‍, പാമ്പല്ല എന്ന് ബോദ്ധ്യമാകും വരെ അത് പാമ്പായിരിക്കും എന്ന് കരുതണമെന്ന് ശങ്കരാചാര്യര്‍ പറഞ്ഞിട്ടുണ്ട്.)

സി.പി.ഐ.(എം) ന്റെ ആശയകേന്ദ്രം മാര്‍ക്സിസമാണ്. മാര്‍ക്സിസം വൈരുദ്ധ്യാത്മക ഭൌതികവാദമാണ്. (യാന്ത്രിക ഭൌതികവാദമല്ല) വൈരുദ്ധ്യാത്മക ഭൌതികവാദത്തിന്റെ പ്രധാന ധാരണകളില്‍ ഒന്ന് വൈരുദ്ധ്യ വാദമാണ്. പ്രകൃതിയില്‍ എല്ലാം നിലനില്‍ക്കുന്നത് വൈരുദ്ധ്യാത്മകമായാണ് എന്ന് മാര്‍ക്സിസം നിരീക്ഷിക്കുന്നു. വിപരീതങ്ങള്‍ക്ക് പോലും ഒരു ഐക്യവും സമരവും ഉണ്ട് എന്ന് അത് കണക്കാക്കുന്നു. ഇതാണ് വൈരുദ്ധ്യവാദത്തിന്റെ നന്നേ ചെറിയ ചുരുക്കം.

സ്വാഭാവികമായും സി.പി.ഐ.(എം) ന്റെ ഏത് പ്രവര്‍ത്തനങ്ങളും വൈരുദ്ധ്യവാദത്തിന്റെ പ്രയോഗങ്ങളായിരിക്കും. സി.പി.ഐ.(എം) ന്റെ മാത്രമല്ല; ലോകത്തെങ്ങുമുള്ള മാര്‍ക്സിസ്റ്റുകളുടെ പ്രയോഗം വൈരുദ്ധ്യവാദത്തിന്റെ പ്രയോഗം തന്നെ. ആയിരക്കണക്കിന് ഉദാഹരണങ്ങളില്‍ നിന്ന് വളരെ പ്രധാനമായ ഒന്ന് ചൂണ്ടിക്കാണിക്കട്ടെ.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാല് ഭാഗത്തു നിന്നും ആക്രമിക്കപ്പെടാനുള്ള സാധ്യത കണ്ടപ്പോള്‍ സ്റ്റാലിൻ ചെയ്തത്, ഹിറ്റ്ലറുമായി ഒരു അനാക്രമണ സന്ധി ഒപ്പ് വക്കലായിരുന്നു. വൈരുദ്ധ്യവാദത്തിന്റെ പ്രയോഗം മനസ്സിലാകാത്ത ശുദ്ധഗതിക്കാര്‍ സ്വാഭാവികമായും നെറ്റി ചുളിച്ചു. എന്നാല്‍ പിന്നീട് സംഭവിച്ചതോ? രണ്ട് കോടി സോവിയറ്റ് ജനത ജിവന്‍ കൊടുത്ത് ഫാസിസത്തെ കുഴിച്ചു മൂടി. ഇതാണ് വൈരുദ്ധ്യവാദത്തിന്റെ ശുദ്ധമായ പ്രയോഗം. നിങ്ങള്‍ എന്ത് ഒപ്പ് വച്ചു, എന്ത് പ്രസംഗിച്ചു എന്നല്ല; നിങ്ങളുടെ ഒപ്പും പ്രസംഗവും കൊണ്ട് എന്ത് ഫലമുണ്ടായി എന്നാണ് ചരിത്രം എല്ലായ്പ്പോഴും പരിഗണിക്കുന്നത്.