#കപടവാർത്ത

ഡിങ്കോയിസം വ്യാപിക്കുന്നു, ധനുഷിന് ദേശീയഅവാര്‍ഡു കിട്ടിയതു ഡിങ്കശക്തികൊണ്ട്!

അമൃതൈശ്വര്യത്തിനും ശ്രീശ്രീത്വത്തിനും തത്തുല്യമായ മറ്റ് ആദ്ധ്യാത്മികദർശനങ്ങൾക്കും ആത്മീയചൈതന്യങ്ങള്‍ക്കും കനത്ത വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് ഇപ്പോള്‍ പ്രചാരത്തിൽ വരുന്ന ഡിങ്കോയിസത്തിന് വ്യാപനമേറുന്നു. ഡിങ്കോയിസത്തിലെ ചൈതന്യമൂര്‍ത്തിയായ ഡിങ്കന്റെ അദ്ഭുതപ്രവര്‍ത്തനങ്ങള്‍ ദിനംചെല്ലുന്തോറും കൂടുതലായി സാക്ഷ്യപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഇതിനെത്തുടര്‍ന്ന് ഡിങ്കമതത്തിന്റെ വേദപുസ്തകമായ ബാലമംഗളത്തിന്റെയും പ്രചാരം ഏറുന്നു. മീശമാര്‍ജാരനിസത്തിന്റെ വേദപുസ്തകമായ ബാലഭൂമി, മായാവിസത്തിന്റെ വേദപുസ്തകമായ ബാലരമ എന്നിവ അന്തംവിട്ടുനില്‍ക്കുകയാണ്.

ഏറ്റവും പുതുതായി ഡിങ്കോയിസത്തിന്റെ മാഹാത്മ്യം പുറത്തുവരുന്ന തമിഴ് നടൻ ധനുഷിന് കിട്ടുന്ന അപ്രതീക്ഷിതനേട്ടങ്ങളുടെ പേരിലാണ്. ധനുഷിന് മികച്ച നടനുള്ള ദേശീയഅവാര്‍ഡു ലഭിച്ചതും ധനുഷ് പാടിയ കൊലവെറി എന്ന പാട്ടിന് അഭൂതപൂര്‍വമായ സ്വീകരണം ലോകമൊട്ടാകെ ലഭിച്ചതും ഡിങ്കാനുഗ്രഹം കൊണ്ടാണെന്നു പറയപ്പെടുന്നു. വൈ ദിസ് കൊലവെറി എന്ന പാട്ടില്‍ അദ്ദേഹം പരോക്ഷമായി ഡിങ്കനെ സ്തുതിക്കുന്നത് ഡിങ്കന്റെ അനുഗ്രഹങ്ങള്‍ക്കു നന്ദി എന്ന നിലയിലും തുടരനുഗ്രഹങ്ങള്‍ക്കായുമാണെന്ന് പറയപ്പെടുന്നു. കൊലവെറി.... കൊലവെറി... കൊലവെറി എന്നു മൂന്നുതവണ സ്തോത്രം പോലെ ഉരുവിട്ട ശേഷം... ഡീ എന്നു പറയുന്നത് ഡിങ്കാ... എന്ന പ്രാര്‍ത്ഥനയാണെന്നാണ് സൂചന.

ധനുഷിന്റെ പാട്ട് ഇത്രയും വലിയ ഹിറ്റായത് ആ ഡി കൊണ്ടാണെന്ന് ഡിങ്കോവാദികള്‍ പറയുന്നു. ഇന്നുവരെ ഒരു തമിഴ്‌പാട്ടും ഇത്രയും ലോകവ്യാപകശ്രദ്ധ നേടിയിട്ടില്ല. അതേസമയം ധനുഷിന്റെ പാട്ടിലെ ഡിയുടെ സ്ഥാനത്ത് മറ്റു വല്ല അക്ഷരവുമായിരുന്നെങ്കില്‍, ഉദാഹരണത്തിന് കൊലവെറി ബി, കൊലവെറി സി, കൊലവെറി കേ എന്നിങ്ങനെ വല്ലതുമായിരുന്നെങ്കില്‍, ഈ പാട്ട് ഹിറ്റാകുമായിരുന്നില്ലെന്ന് സാമാന്യബുദ്ധിയോടെ ആലോചിച്ചാല്‍ മനസ്സിലാകുമെന്നും ഡിങ്കോവാദികള്‍ പറയുന്നു. കൊലവെറി കൊലവെറി കൊലവെറി ഡി എന്നത് ഡിങ്കോയിസത്തിന്റെ സ്തോത്രമാലയില്‍ ഉള്‍പ്പെടുത്താനും ഡിങ്കഡിങ്കഡഗഡിങ്കാരം... എന്ന മലയാളസിനിമാഗാനശകലം ജപമായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.

ഇതേസമയം തന്നെ, വൈറ്റമിന്‍ ഡി എന്നതില്‍ ഡിങ്കാനുഗ്രഹം നിറഞ്ഞുനില്‍ക്കുന്നു എന്ന് ശാസ്ത്രീയമായ കണ്ടെത്തല്‍ പുറത്തുവന്നതായും ഡിങ്കോവാദികള്‍ പറയുന്നു. വൈറ്റമിന്‍ ഡി സാധാരണ ഭക്ഷണത്തില്‍നിന്നു ലഭിക്കുന്നില്ല. സൂര്യപ്രകാശത്തില്‍നിന്നാണു ലഭിക്കുന്നത്. ഇത് ആകാശത്തു പാറിനടക്കവേ, ഡിങ്കരശ്മികള്‍ സൂര്യരശ്മികളില്‍ കലരുന്നതുമൂലം ഉണ്ടായിവരുന്നതാണത്രേ. ഏതായാലും വൈറ്റമിന്‍ ഡി കുറവുള്ളവരില്‍ മ്ലാനത, വിഷാദരോഗം എന്നിവ കാണുന്നു.