#സാഹിത്യം

ഇയാഗോ - ബര്‍ണഡ് ജാക്സന്റെ നാടകം- പതിനൊന്ന് (അവസാനഭാഗം)

08 Jul, 2012

അങ്കം രണ്ട് - രംഗം നാല്‌

(ഒഥെല്ലോയുടെ കൊട്ടാരം. സ്റ്റേജിനു പുറത്ത്‌ ശക്തിയായി കതകിൽ മുട്ടുന്ന ശബ്‌ദം. ഒഥെല്ലോ ആയ സ്‌ത്രീ കളിക്കാരൻ-4നോട്‌ വാതില്‍ക്കല്‍ ചെന്നു നോക്കാന്‍ ആംഗ്യം കാണിക്കുന്നു.)
ലൊഡോവീക്കോ : (കളിക്കാരന്‍-3 ലൊഡോവീക്കോ ആയി സ്റ്റേജിനു പുറത്ത്‌) ഒഥെല്ലോ! ഒഥെല്ലോ! ദൈവത്തെയോർത്ത്‌, ഒന്നു വേഗം, വേഗം!
(ലൊഡോവിക്കോ പ്രവേശിക്കുന്നു)
ഒഥെല്ലോ : ലെഡോവീക്കോ, എന്താണിത്‌? എന്തുപറ്റി? നിങ്ങൾക്കു പരിക്കേറ്റിരിക്കയാണല്ലോ? എന്താണുണ്ടായത്‌?.
ലെഡോവീക്കോ : അവര്‍ ഇയാഗോയെ കൊണ്ടുപോയി!
ഒഥെല്ലോ : എന്ത്‌?! ആര്‌, ആരാണ്‌ കൊണ്ടുപോയത്‌?
ലൊഡോവീക്കോ : കാസ്യോ ഇയാഗോയെ അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവിട്ടു. എന്നിട്ടവര്‍... അവര്‍ ഇയാഗോയെ... തല്ലിച്ചതച്ചു കൊന്നു!

ഒഥെല്ലോ : ഹോ! ഹോ! എവിടെ, എവിടെ?
(പുറത്തേക്കോടാന്‍ ഭാവിക്കുന്നു)
(ഇയാഗോയുടെ ജഡം കൊണ്ടുപോകുന്നു.)
ലൊഡോവീക്കോ : വേണ്ട, വേണ്ട! വൈകിപ്പോയി, പ്രഭോ! ഇയാഗോ... ഇയാഗോ പോയി! ഇനിയുമുണ്ട്‌ ദുര്‍വാര്‍ത്തകള്‍. അവര്‍ നിങ്ങളുടെ നാട്ടുകാരുടെ ബാരക്കുകള്‍ ആക്രമിച്ചു. ഉറങ്ങിക്കിടന്ന മൂറിഷ്‌ പട്ടാളക്കാരെ ആക്രമിച്ചു. ഒരുപാട്‌ പേര്‍ കൊല്ലപ്പെട്ടു!
ഒഥെല്ലോ : അസാധ്യമാണത്‌! അസാധ്യം!
ലൊഡോവീക്കോ : പക്ഷേ, അതാണുണ്ടായത്‌, പ്രഭോ.
ഒഥെല്ലോ : അതെങ്ങനെ സാധ്യമാവും?
ലൊഡോവീക്കോ : കാസ്യോ അങ്ങയുടെ പേരില്‍ ഗൂഢാലോചന ആരോപിക്കുന്നു. ഇറ്റാലിയന്‍ ഓഫീസര്‍മാരെ തന്റെ കൂടെ നിര്‍ത്തിക്കൊണ്ട്‌ അയാള്‍ ആരോപിക്കുന്നത്‌, അങ്ങ്‌ തുര്‍ക്കികളോടൊപ്പം ചേര്‍ന്ന്‌ സൈപ്രസും, മുഴുവന്‍ ഇറ്റലിയും കീഴടക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു എന്നാണ്‌.
ഒഥെല്ലോ : പൈശാചികമായ സത്യം!

(ഒഥെല്ലോയും ലൊഡോവീക്കോയും ഫ്രീസ്‌ ചെയ്യുന്നു. പ്രൊഫസര്‍ കാസ്യോയുടെ വേഷത്തില്‍ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട്‌ സംസാരിക്കുന്നു. കളിക്കാര്‍ സദസ്യരുടെയിടയില്‍ സൈപ്രസിലെ പൗരന്മാരായി ചെന്നിരിക്കുന്നു.)
കാസ്യോ : നിങ്ങളോട്‌ സംസാരിക്കുന്നത്‌ മൈക്കല്‍ കാസ്യോ ആണ്‌.
കളിക്കാര്‍ : അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍!
കാസ്യോ : സൈപ്രസിലെ പുതിയ മിലിട്ടറി കമാന്‍ഡര്‍ ഞാനാണ്‌.
കളിക്കാര്‍ : അഭിവാദ്യങ്ങള്‍! അഭിവാദ്യങ്ങള്‍!~
കാസ്യോ : സൈപ്രസിലെ സംഭവഗതികള്‍ നാടകീയമായ ഒരു ദിശാസന്ധിയിലാണെന്ന്‌ നിങ്ങളെ അറിയിക്കാനാണ്‌ ഞാനിവിടെ നില്‌ക്കുന്നത്‌. (ജനങ്ങള്‍ പിറുപിറുക്കുന്നു) അന്തരീക്ഷമാകെ ഒരുതരം കറുത്ത ദുര്‍ഗന്ധം പടര്‍ന്നിരിക്കുകയാണ്‌. ഈ മാരകമായ ഗന്ധം തിരിച്ചറിയാന്‍ കഴിയുന്നവര്‍ക്ക്‌ ഒരു കാര്യം ബോധ്യപ്പെടുന്നതാണ്‌. ഇത്‌ വിഷലിപ്‌തമായ രാജ്യദ്രോഹത്തിന്റെ ഗന്ധമാണ്‌, തീര്‍ച്ച.
കളിക്കാര്‍ : രാജ്യദ്രോഹമോ? ആര്‌? എങ്ങനെ?
കാസ്യോ : സൈപ്രസിന്റെ നാവികാതിര്‍ത്തിയില്‍ തുര്‍ക്കിക്കപ്പലുകള്‍ നങ്കൂരമിട്ടിട്ട്‌ ഏഴു ദിവസമായി. ഈ ഏഴു ദിവസത്തിനുള്ളില്‍ അവരെ തുരത്താനുള്ള ഒരു നീക്കം പോലുമുണ്ടായില്ല. എന്തുകൊണ്ട്‌?
കളിക്കാര്‍ : എന്തുകൊണ്ട്‌? എന്തുകൊണ്ട്‌? എന്തുകൊണ്ട്‌?