#നിരീക്ഷണം

ഡി.വൈ.എഫ്.ഐ.യും കാശ്മീരും

08 Feb, 2012

ഒരു അഖിലേന്ത്യാ സംഘടനയായ ഡി.വൈ.എഫ്.ഐ. ജമ്മുകാശ്മീരിൽ പേര് മാറ്റിയാണ് പ്രവർത്തിക്കുന്നത് എന്നും ജമ്മു കാശ്മീരിലെ തീവ്രവാദികളെ സന്തോഷിപ്പിക്കാനാണ് എന്നുമുള്ള ഒരു പ്രചരണം ഈയിടെ ഫേസ്ബുക്കിലൂടെയും മറ്റും നടക്കുകയുണ്ടായി. എന്നാലിതിന് വിരുദ്ധമായി ഭാരതീയ യുവമോര്‍ച്ചയ്ക്ക് ഇന്ത്യയിലെല്ലായിടത്തും ഒരേ പേരാണെന്നും അത് അവരുടെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും അനുബന്ധമായി വിശദീകരിക്കപ്പെട്ടു. രണ്ട് കാര്യങ്ങളും വാസ്തവ വിരുദ്ധമായതിനാല്‍ അക്കാര്യങ്ങൾ വിലയിരുത്തപ്പെടേണ്ടതുണ്ട്.

ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ (ജമ്മു & കാശ്മീര്‍) എന്ന പേരിലാണ് കാശ്മീരിലെ യുവജന സംഘടന പ്രവര്‍ത്തിക്കുന്നത്. ഒരു അഖിലേന്ത്യാ ഫെഡറേഷനായ ഡി.വൈ.എഫ്.ഐ.യില്‍ അഫിലിയേറ്റ് ചെയ്ത സംഘടനയാണത്. 1980 ല്‍ രൂപം കൊണ്ട ഡി.വൈ.എഫ്.ഐക്ക് ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു ഭരണഘടനയും പരിപാടിയുമുണ്ട്. ഭരണഘടനയുടെ തുടക്കത്തില്‍ തന്നെ വകുപ്പ് -1 അഫിലിയേഷന്‍ എന്ന ഭാഗത്ത് രേഖപ്പെടുത്തിയിട്ടുള്ളത് പോലെ ഡി.വൈ.എഫ്.ഐ യുടെ പരിപാടിയോട് യോജിച്ച് പോകാന്‍ കഴിയുന്ന, സംസ്ഥാനങ്ങളിലേയോ കേന്ദ്ര ഭരണ പ്രദേശങ്ങളിലേയോ പുരോഗമന യുവജന സംഘടനകള്‍ക്ക് ഡി.വൈ.എഫ്.ഐ യില്‍ അഫിലിയേറ്റ് ചെയ്യാവുന്നതാണ്. 1980-ല്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രസിദ്ധപ്പെടുത്തിയ ഒരു കാര്യം, കഴിഞ്ഞ 31 വര്‍ഷമായി പരസ്യമായി തന്നെ നടപ്പിലായി കൊണ്ടിരിക്കുന്ന ഒരു കാര്യം പുതിയ കണ്ടുപിടിത്തമെന്ന മട്ടില്‍ അവതരിപ്പിക്കേണ്ടതില്ല.

കാശ്മീരിലെ തീവ്രവാദികള്‍ക്ക് കീഴ്പ്പെട്ടതിനാലാണ് ഇത്തരം ഒരു സമീപനം ഡി.വൈ.എഫ്.ഐ സ്വീകരിച്ചത് എന്ന് കുറ്റപ്പെടുത്തുന്നവര്‍, എങ്കില്‍ പഞ്ചാബിലും ആസാമിലും എന്തുകൊണ്ട് ഈ ഒരു രീതി ഡി.വൈ.എഫ്.ഐ സ്വീകരിച്ചില്ല എന്ന് വിശദീകരിക്കേണ്ടതാണ്. 1980 കളില്‍, ഒരു പക്ഷേ കാശ്മീരിനേക്കാളും വിഘടനവാദ പ്രസ്ഥാനങ്ങള്‍ ശക്തമായി നിലനിന്നിരുന്ന സംസ്ഥാനങ്ങളാണ് ഇവ രണ്ടും. കാശ്മീരിലെ തീവ്രവാദികളെ ഡി.വൈ.എഫ്.ഐ ക്ക് ഭയമാണെന്നും എന്നാല്‍ പഞ്ചാബിലേയും ആസ്സാമിലേയും തീവ്രവാദികളെ അത്ര തന്നെ ഭയമില്ലെന്നും കരുതുന്നതില്‍ യാതൊരു യുക്തിയുമില്ല. സാമൂഹ്യ പ്രശ്നങ്ങള്‍ കുറേക്കൂടി വിശാലമായ അര്‍ത്ഥത്തില്‍ പരിഗണിക്കപ്പെടുകയാണ് വേണ്ടത്.

കാര്യങ്ങളെ അങ്ങേയറ്റം ലളിതമായി കാണാനാഗ്രഹിക്കുന്നവര്‍ കാശ്മീര്‍ എന്ന വാക്കിനൊപ്പം തീവ്രവാദം എന്ന വാക്കും ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. തീവ്രവാദിയുടെ കുപ്പായം സ്വാഭാവികമായും ചേരുക ഇസ്ലാമിക മൌലികവാദികള്‍ക്കായിരിക്കുകയും ചെയ്യും. ‘കീര്‍ത്തിചക്ര’യെ പോലുള്ള മൂന്നാംകിട സിനിമകളില്‍ നിന്ന്, അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒരു സാമൂഹ്യപ്രശ്നത്തെപ്പറ്റി പഠിക്കാന്‍ ശ്രമിച്ചാല്‍ ഇതിലപ്പുറമൊന്നും സംഭവിക്കാനുമിടയില്ല.